ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. ഉത്തർപ്രദേശിൽ കരിമ്പ് കർഷകർക്കുള്ള കുടിശിക നൽകുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് മോദിയെയും യോഗിയെയും പ്രിയങ്ക വിമർശിച്ചത്. രാജ്യത്തെ പണക്കാരുടെ മാത്രം കാവൽക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പ്രിയങ്ക ട്വിറ്ററിൽ ആരോപിച്ചു.
കരിമ്പ് കർഷകർക്ക് നൽകാനുള്ള 10,000 കോടിയിലേറേ രൂപ സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നും ഇതുമൂലം കർഷകരുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം എന്നിവ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക പറഞ്ഞു. പാവപ്പട്ടവരെ കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കാറില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കരിമ്പ് കർഷകർക്കു നിർണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളിൽ കർഷകർക്ക് മുഴുവൻ പണവും ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ ബി.ജെ.പി അവകാശപ്പെട്ടിരുന്നു. ബുലന്ദ്ശഹർ, അമരോഹ, മൊറാദാബാദ്, സംബാൽ, രാംപുർ, ബറേലി, ഖുശിനഗർ തുടങ്ങിയയിടങ്ങളിലാണ് കരിമ്പ് കർഷകർ ഏറെയുള്ളത്.