oommen-chandy

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ എൻ.കെ.പ്രേമചന്ദ്രനെ സി.പി.എമ്മുകാർ സംഘിയാക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "മുസ്ലീം സമുദായത്തിന്റെ താൽപര്യങ്ങൾ ഹനിക്കുന്ന മോദി സർക്കാരിന്റെ മുത്തലാക്ക് ബില്ലിനെതിരെ, ലോക്‌സഭയിൽ സർവ്വശക്തിയുമെടുത്ത് വീറോടെ പോരാടിയ തികഞ്ഞ മതേതര വാദിയായ പ്രേമചന്ദ്രനെയാണ്, സി.പി. എമ്മുകാർ സംഘിയാക്കാൻ ശ്രമിക്കുന്നതെ"ന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോക്‌സഭാ തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് കേരളം, ആന്ധ്ര, ഡൽഹി എന്നിവിടങ്ങളിലായി ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ്, അടുത്ത ഒരു സുഹൃത്ത്, കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ എൻ.കെ.പ്രേമചന്ദ്രൻ, മോഡി സർക്കാർ അവതരിപ്പിച്ച മുത്തലാക്ക് ബില്ലിനെതിരേ ലോക്‌സഭയിൽ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് എന്നോട് പറഞ്ഞത്. കൊല്ലം പാർലമെന്റ് സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രനെ, സംഘിയാക്കാൻ സി പി എം കള്ള പ്രചരണം നടത്തുന്ന പശ്ചാത്തലത്തിൽ, പ്രേമചന്ദ്രൻ‍ മുത്തലാക്ക് ബില്ലിനെതിരെ ലോകസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണുകയുണ്ടായി.

പ്രസംഗം കണ്ട ഞാൻ അത്ഭുതപ്പെട്ടു പോയി എന്ന് പറയാതെ വയ്യ. അത്ര പ്രൗഢോജ്വലമായിരുന്നു, മുത്തലാക്ക് ബില്ലിനെതിരെ പ്രേമചന്ദ്രൻ നടത്തിയ പ്രസംഗം. മുത്തലാക്ക് ബില്ലിലെ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം എടുത്ത്, ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം എന്നിവയുമായി താരതമ്യം ചെയ്ത് ആഴത്തിൽ വിശകലനം ചെയ്ത്, പ്രേമചന്ദ്രൻ ലോകസഭയിൽ നടത്തിയ പ്രസംഗം, മുതിർന്ന അഭിഭാഷകർ ഉന്നത കോടതിയിൽ നടത്തുന്ന വാദത്തെയാണ് ഓർമ്മിപ്പിച്ചത്.

മോഡി സർക്കാർ കൊണ്ടു വന്ന മുത്തലാക്ക് ബില്ല് ഇന്ത്യയിലെ മുസ്ലീം സമുദായത്തിനിടയിൽ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥയെ കുറിച്ചും, മുസ്ലീം സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള സുരക്ഷിതത്വം ഇല്ലായ്മയെ കുറിച്ചും ബില്ലിലെ വകുപ്പുകൾ ഒന്നൊന്നായി എടുത്ത് ആധികാരികമായി വിശകലനം ചെയ്യുന്ന പ്രേമചന്ദ്രന്റെ പ്രസംഗം, മതേതര ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഏവരും അവശ്യം കണ്ടിരിക്കേണ്ടതാണ്. മുസ്ലീം സമുദായത്തിന്റെ താൽപര്യങ്ങൾ ഹനിക്കുന്ന മോഡി സർക്കാരിന്റെ മുത്തലാക്ക് ബില്ലിനെതിരെ, ലോക്‌സഭയിൽ സർവ്വശക്തിയുമെടുത്ത് വീറോടെ പോരാടിയ തികഞ്ഞ മതേതര വാദിയായ പ്രേമചന്ദ്രനെയാണ്, സി.പി. എമ്മുകാർ സംഘിയാക്കാൻ ശ്രമിക്കുന്നത്!

ലോകസഭയിലുണ്ടായിരുന്ന ഏതെങ്കിലും സി.പി.എം. എം.പി, പ്രേമചന്ദ്രനെ പോലെ മുത്തലാക്ക് ബില്ലിനെതിരെ വീറോടെ പോരാടിയിട്ടുണ്ടോ? മോഡി സർക്കാർ കൊണ്ടുവന്ന മുത്തലാക്ക് ബില്ലിനെതിരേ സർവ്വശക്തിയുമെടുത്ത് പോരാടിയ മതേതര വാദിയായ പ്രേമചന്ദ്രനെ പോലും സംഘിയാക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മുകാർ ആരെ, എങ്ങനെ വേണമെങ്കിലും, ഏതറ്റം വരെ പോയും അപകീർത്തിപ്പെടുത്താൻ മടിക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്.