ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'നാല്പത്തിയൊന്ന്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ 25ആമത്തെ ചിത്രമാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.
ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന് ഒരുപിടി നല്ല പുതുമുഖങ്ങളെ സമ്മാനിച്ച ലാൽജോസ് ഇക്കുറിയും സിനിമയിലേക്ക് രണ്ട് പുത്തൻ അഭിനേതാക്കളെ കൂടി സമ്മാനിക്കുന്നുണ്ട്. നായകനും നായികയ്ക്കുമൊപ്പം തുല്യ പ്രാധാന്യമുള്ള വേഷങ്ങളായിരിക്കും ഇവർ അവതരിപ്പിക്കുന്നത്. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദർശ് നാരായണൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ചിത്രത്തിന് കണ്ണൂരിലെ സാമൂഹ്യ ജീവിതമാണ് പശ്ചാത്തലമാകുന്നത്. നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ.
തെരഞ്ഞെടുപ്പും വേനലും ചൂടുപിടിപ്പിച്ചു തുടങ്ങിയ തലശ്ശേരിയിലെ മണ്ണിൽ നാൽപത്തിയൊന്നിലെ കഥാപാത്രങ്ങൾ നടന്ന് തുടങ്ങിയിരിക്കുന്നു. എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ബിജിബാൽ ഈണം പകരും. അജയൻ മങ്ങാടാണ് ചിത്രത്തിനായി കലാസംവിധാനം ഒരുക്കുന്നത്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയതോടെ ചില ചർച്ചകളും സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. 'നാല്പ്പത്തിയൊന്ന്' എന്ന പേര് ശബരിമല വിഷയവുമായി ബന്ധമുണ്ടെന്നും, മണ്ഡലകാലത്തെ '41' എന്ന പേര് മണ്ഡലകാല വ്രതമായും ചർച്ചകളിൽ പറയുന്നുണ്ട്. ശബരിമല അയ്യപ്പന്റെ വിഗ്രഹവുമായി സാമ്യമുള്ള രീതിയിലാണ് നാല്പത്തിയൊന്ന് എന്ന ടൈറ്റിലും ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തെ സംബന്ധിച്ച് സംവിധായകനോ അണിയറ പ്രവർത്തകരോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.