വിജയവാഡ: ആന്ധ്രപ്രദേശ് തെലുങ്കാനയും ആന്ധ്രയുമായി വേർപിരിഞ്ഞ് അഞ്ചു വർഷം പിന്നിടുമ്പോഴും ഈ വർഷത്തെ തിരഞ്ഞെടുപ്പിലും പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന വിഷയം ആന്ധ്രാ വിഭജനം തന്നെ. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെയാണ് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിഭജനം ആയുധമാക്കുന്നത്. കെ.സി.ആറിന്റെ താത്പര്യത്തെ തുടർന്നാണ് സംസ്ഥാനം രണ്ടായി വിഭജിച്ചതെന്നും ഇതോടെ സുരക്ഷയ്ക്ക് കോട്ടം തട്ടിയെന്നുമാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രധാന ആരോപണം. തങ്ങൾക്ക് മാത്രമേ തെലുങ്ക് സംസ്കാരത്തെ കാത്തുരക്ഷിക്കാൻ സാധിക്കൂവെന്നാണ് നായിഡുവിന്റെ വാദം.
ആന്ധ്രയുടെ സംസ്കാരവും പാരമ്പര്യവും കഴിഞ്ഞാൽ അടുത്ത വിഷയം ഭക്ഷണമാണ്. സംസ്ഥാനത്തിന്റെ തനത് ഭക്ഷണമായ ആന്ധ്രാ ബിരിയാണിയും ഉൽവലച്ചാറും (മുതിര സൂപ്പ്) ചന്ദ്രശേഖർ റാവു ഇല്ലാതാക്കിയെന്നും തെലുങ്കർ സംസ്ഥാനത്ത് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും വരെ പ്രചാരണ വേദികളിൽ നേതാക്കൾ പ്രസംഗിക്കുന്നുണ്ട്.
മോദിക്കൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആന്ധ്രയെ ചവിട്ടിത്താഴ്ത്താൻ തെലുങ്കാന ശ്രമിക്കുന്നുണ്ടെന്നും നായിഡു പ്രചാരണ വേദിയിൽ മുഖ്യ വിഷയമായി ചൂണ്ടിക്കാട്ടുന്നു.