കനയ്യ ഒരു കനലാണ്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ചെങ്കനൽ. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനയ്യ കുമാർ മത്സരത്തിനുണ്ടാകുമെന്ന് നേരത്തേ കേട്ടതാണ്. മണ്ഡലങ്ങളുടെ ലിസ്റ്റിൽ ഇങ്ങ് തിരുവനന്തപുരം വരെ കേട്ടു. ഇപ്പോൾ തീരുമാനമായി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ ബീഹാറിലെ ബെഗുസാരായ് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയായി ജനവിധി തേടും.
കനയ്യ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു കേൾവി. ചർച്ചയും പലവട്ടം നടന്നു. ഒടുവിൽ സീറ്റ് വീതംവയ്‌പിൽ കനയ്യകുമാറിന്റെ ജന്മദേശം കൂടിയായ ബെഗുസാരായ് കിട്ടിയത് ആർ.ജെ.ഡിക്ക്. അവിടെ, സുരക്ഷിതത്വം ഉറപ്പിക്കാവുന്നത് മുസ്ളിം സ്ഥാനാർത്ഥിക്കാണെന്ന കണക്കുകൂട്ടലിൽ ആർ.ജെ.ഡി അവിടെ ടിക്കറ്റ് നൽകിയത് തൻവീർ ഹസനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ 60,000 വോട്ടുകൾക്കായിരുന്നു തൻവീറിന്റെ തോൽവി.
ബെഗുസാരായിൽ കേന്ദ്രമന്ത്രി ഗിരിരാജ് പ്രധാൻ ആണ് ബി.ജെ.പി സ്ഥാനാർത്ഥി. വിവാദ പ്രസംഗങ്ങളുടെ പേരിൽ പലവട്ടം വാർത്തകളിൽ നിറഞ്ഞയാളാണ് ഗിരിരാജ്. തീപ്പൊരി പ്രസംഗത്തിൽ കനയ്യയും കേമൻ. ബെഗുസാരായിൽ ഇക്കുറി തീപാറുമെന്ന് തീർച്ച.
ആർ.ജെ.ഡി നേതാക്കൾ ഇപ്പോൾ പറയുന്നത് ബെഗുസാരായ് മണ്ഡലത്തിലേക്ക് കനയ്യ കുമാറിന്റെ പേര് ഒരിക്കൽപ്പോലും ചർച്ച ചെയ്‌തിട്ടില്ലെന്നാണ്. അതേസമയം, ബീഹാറിൽ ആർ.ജെ.ഡി ക്വാട്ടയിൽ ഒരു സി.പി.ഐ (എം.എൽ) സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് പാർട്ടി വക്താവ് മനോജ് ത്ഥാ പറയുന്നു.
കനയ്യയ്‌ക്ക് ആർ.ജെ.ഡി സഖ്യം സീറ്റ് നൽകാത്തതിനു പിന്നിൽ ഒരു ചെറിയ കാര്യമുണ്ട്- തേജസ്വി യാദവിന് കനയ്യ കുമാറിനെ ഇഷ്‌ടമല്ല! 2016-ൽ ജെ.എൻ.യുവിലെ രാജ്യവിരുദ്ധ പ്രസംഗ വിവാദത്തിനു ശേഷം കനയ്യ കുമാറിനെ ലാലു പ്രസാദ് യാദവ് സ്വാഗതം ചെയ്യുകയും, കൂടെ നിൽക്കാൻ പറയുകയും ചെയ്‌തിരുന്നു. പക്ഷേ, അഴിമതി കേസിൽ ലാലു ജയിലിലാവുകയും, കാര്യങ്ങൾ മുഴുവൻ തേജസ്വി യാദവിന്റെ കൈയ്യിലാവുകയും ചെയ്‌തതോടെ കഥ മാറി.
കനയ്യയെ സഖ്യത്തിലേക്ക് കൊണ്ടുവന്നാൽ മറ്റൊരു പേടി കൂടി തേജസ്വിക്കുണ്ടെന്ന് ആർ.ജെ.ഡിക്കാർ രഹസ്യം പറയുന്നുണ്ട്. തേജസ്വിയേക്കാൾ മിടുക്കനായ പ്രസംഗകനാണ് കനയ്യ. കനയ്യയെ പ്രോത്സാഹിപ്പിച്ചാൽ പാർട്ടിയിൽ തേജസ്വിക്കു പണി കിട്ടും.
ബീഹാറിൽ സവർണ വിഭാഗമായ ഭൂമിഹർ സമുദായക്കാരനാണ് കനയ്യ കുമാർ. മണ്ഡലത്തിൽ ഭൂമിഹർ സമുദായത്തിന് നിർണായക സ്വാധീനമുണ്ടെങ്കിലും ആ വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥി ഗിരിരാജ് സിംഗിനു പോകുമെന്നും ആർ.ജെ.ഡി കണക്കുകൂട്ടുന്നു.
സ്വന്തം ദേശം
1987 ജനുവരിയിലാണ് കനയ്യ കുമാറിന്റെ ജനനം. 32 വയസ്സ്. ജന്മദേശം ബീഹാറിലെ ബെഹുസാരായി ജില്ലയിൽ, ബിഹഠ് ഗ്രാമത്തിൽ. അച്ഛൻ ജയ്ശങ്കർ സിംഗ് വലിയ കൃഷിക്കാരനായിരുന്നെങ്കിലും ഇപ്പോൾ പക്ഷാഘാതം ബാധിച്ച് കിടപ്പിൽ. അമ്മ മീനാ ദേവി അംഗൺവാടി ജീവനക്കാരി.
സി.പി.ഐയുടെ ശക്തികേന്ദ്രമാണ് ബിഹഠ് ഉൾപ്പെടുന്ന തെഘ്‌ര അസംബ്ളി മണ്ഡലം കനയ്യയുടെ ജ്യേഷ്ഠൻ മണികൺഠ് അസമിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ. പഠനകാലത്ത് എന്നും ക്ളാസിൽ ഒന്നാമനായിരുന്നു കനയ്യ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സാമൂഹ്യശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയത് ഫസ്റ്റ് ക്ളാസിൽ. ജെ.എൻ.യുവിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടെ പിച്ച്.ഡിക്ക്. സ്‌കൂൾ ഒഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ കനയ്യയുടെ ഗവേഷണ വിഷയം ആഫ്രിക്കൻ സ്റ്റഡീസ് ആയിരുന്നു.
ആ കേസ്
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ, ഇന്ത്യൻ പാർലമെന്റ് ആക്രമണ കേസിൽ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച റാലിയുമായി ബന്ധപ്പെട്ടായിരുന്നു കനയ്യ കുമാറിന്റെ അറസ്റ്റ്- 2016 ഫെബ്രുവരി 12-ന്. റാലിയിൽ കനയ്യ കുമാർ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കേസ്. പരാതി നൽകിയത് ബി.ജെ.പി.
കുറ്റം കനയ്യ പൂർണമായും നിഷേധിക്കുക മാത്രമല്ല, ഇന്ത്യയുടെ അഖണ്ഡതയിൽ വിശ്വാസമർപ്പിക്കുന്നതായും, കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കരുതുന്നതായും പറഞ്ഞു. കനയ്യയുടെ അറസ്റ്റിൽ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി. കനയ്യ താരമായി. രാജ്യമെങ്ങുമുള്ള സർവകലാശാലകളിൽ കനയ്യ കുമാർ ക്ഷണിക്കപ്പെട്ട പ്രസംഗകനായി. ഇക്കഴിഞ്ഞ ജനുവരി 14-നാണ് കേസിൽ കനയ്യയ്‌ക്ക് എതിരെ ഡൽഹി പൊലീസ് കുറ്റപത്രം ഫയൽ ചെയ്‌തത്.