തിരുവല്ല: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് ആവേശ്വോജ്ജ്വല വരവേൽപ്പ്. ഉച്ചയ്ക്ക് 12ന് കേരളാ എക്‌സ്‌പ്രസിൽ സുരേന്ദ്രൻ തിരുവല്ലയിലെത്തുമെന്നറിഞ്ഞ് രാവിലെ 9 മുതൽ റയിൽവേ സ്റ്റേഷനിലേക്ക് എൻ.ഡി.എ പ്രവർത്തകരുടെ പ്രവാഹമായിരുന്നു. പതിനൊന്നോടെ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളും നിറഞ്ഞുകവിഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ കേരള എക്സ്‌പ്രസ് തിരുവല്ല റയിൽവേ സ്റ്രേഷനിൽ എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവിധം എൻ.ഡി.എ പ്രവർത്തകർ സുരേന്ദ്രനെ പൊതിഞ്ഞു. മുദ്രാവാക്യം വിളികൾ ഉച്ചത്തിലായി.സ്ത്രീകളടക്കമുള്ളവർ ശരണംവിളികളോടെയാണ് സ്വീകരിച്ചാനയിച്ചത്.
തുടർന്ന് വാദ്യമേളങ്ങളുടെയും അമ്മൻകുടങ്ങളുടെയും നൂറ് കണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക്. പിന്നീട് നഗരത്തെ ഇളക്കിമറിച്ച് റോഡ്ഷോ. ബി.ജെ.പിയുടെയും ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും നേതാക്കളും പ്രവർത്തകരും സ്വീകരണ ചടങ്ങിൽ പങ്കാളികളായി. റയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണങ്ങൾക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻനായർ, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, പാർലമെന്റ് മണ്ഡലം കൺവീനർ ടി.ആർ.അജിത്ത് കുമാർ, പി.എസ്.പി സംസ്ഥാന ചെയർമാൻ കെ.കെ പൊന്നപ്പൻ, കേരള കോൺഗ്രസ് (തോമസ്) സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കണ്ണാട്ട്, ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.ആർ. പ്രതാപചന്ദ്രവർമ്മ, മധു പരുമല, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാജി ബി.നായർ, എസ്.എൻ ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
അട്ടിമറി വിജയം നേടും
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എ ഇത്തവണ അട്ടിമറി വിജയം നേടും. അനുകൂല സാഹചര്യമാണ് പത്തനംതിട്ടയിലുള്ളത്. മുമ്പെങ്ങുമില്ലാത്ത വിധം ബി.ജെ.പി തരംഗമാണ് മണ്ഡലത്തിൽ അലയടിക്കുന്നത്. ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കും.
കെ. സുരേന്ദ്രൻ