പുൽപ്പള്ളി : ചീയമ്പം 73 ആനപ്പന്തി വനാതിർത്തിയിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ അഞ്ച് ആദിവാസി വാച്ചർമാർക്ക് പരിക്കേറ്റു. ചെതലയം റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്‌ഷനിലെ ആദിവാസി വാച്ചർമാരായ ഷാജൻ (35), ബാലൻ (30), ജയൻ (32), ഷൈജേഷ് (33), സുരേഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കടുവ ആദ്യം പരിക്കേറ്റ ഷാജനെയാണ് ആക്രമിച്ചത്. തുടർന്ന് ഷാജന്റെ നിലവിളികേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് മറ്റുള്ളവർക്ക് നേരെ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഷാജനെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പുൽപ്പള്ളിയിലെയും ബത്തേരിയിലെയും വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആനപ്പന്തി സ്വദേശി വിജയന്റെ മൂന്ന് വളർത്തു പന്നികളെയും ഒരാഴ്ച മുമ്പ് അപ്പിബോളൻ എന്നയാളുടെ പശുവിനെയും കടുവ കൊന്നിരുന്നു. ശാരീരിക വൈകല്യമുള്ള കടുവ ജനവാസകേന്ദ്രത്തിന് സമീപം തമ്പടിച്ചിരിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെയും വളർത്തു മൃഗങ്ങളെയും സംരക്ഷിക്കുന്നതിൽ വനംവകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ചീയമ്പം വലിയകുരിശിൽ റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ഡി.എഫ്.ഒ പി. രഞ്ജിത്ത് കുമാറുമായി നടത്തിയ ചർച്ചയിൽ വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് രണ്ട് ദിവസത്തിനകം ഉചിതമായ നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചു. 26ന് ചീയമ്പം 73 കവലയിൽ പ്രദേശവാസികളുടെ യോഗം കൂടി ജനജാഗ്രതാ സമിതി രൂപീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഡി.എഫ്.ഒ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.