yamaha

പെർഫോമൻസ് ബൈക്കുകളോട് ഇന്ത്യൻ യുവത്വത്തിന് പ്രിയമേറുകയാണ്. യമഹയുടെ ആർ15 കഴിഞ്ഞമാസം കുറിച്ച വില്‌പന വളർച്ച നോക്കിയാൽ ഇക്കാര്യം വ്യക്തം. പുതുതായി 8,​939 വൈ.സീ.എഫ്-ആർ15 ബൈക്കുകളാണ് ഫെബ്രുവരിയിൽ നിരത്തിലെത്തിയത്. 160 ശതമാനമാണ് വില്‌പന വർദ്ധന. മുഴുവനായി ഫെയറിംഗുള്ള പെർഫോമൻസ് ബൈക്ക് ശ്രേണിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന താരവും യമഹ ആർ15 ആണ്.

2008ലാണ് ആർ15ന്റെ ഒന്നാംതലമുറ മോഡൽ ഇന്ത്യയിലെത്തിയത്. കഴിഞ്ഞവർഷത്തെ ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയിൽ മൂന്നാംതലമുറ മോഡലും അവതരിപ്പിക്കപ്പെട്ടു. മികച്ച ബ്രേക്കിംഗ് കരുത്ത് ഉറപ്പുനൽകുന്ന സ്‌റ്രാൻഡേർഡ് ഡ്യുവൽ ചാനൽ എ.ബി.എസ് ആണ് ഈ എൻട്രി-ലെവൽ സ്‌പോർട്‌സ് ബൈക്കിന്റെ മുഖ്യ സവിശേഷത. ആദ്യമായി ഫെർഫോമൻസ് വിഭാഗത്തിലേക്ക് കടക്കുന്നവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന മോഡലാണ് പുതിയ ആർ15.

കഴിഞ്ഞവർഷവും ആർ15ന്റെ മുഖം യമഹ നന്നായി മിനുക്കിയിരുന്നു. കരുത്തേറിയ എൻജിനും സമ്മാനിച്ചു. പുതിയ വേർഷനിൽ ആർ15ന് ഗൗരവം കൂടുതലാണ്. എയറോഡൈനാമിക് സ്‌റ്രൈലിൽ ഒരുക്കിയ മൂന്നാംതലമുറ വേർഷനിൽ 'അഗ്രസീവ്" ട്വിൻ-ഐ എൽ.ഇ.ഡി ലൈറ്രിംഗ് ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നു. വലിയ ടാങ്കും അലോയ് വീലുകളും വീതിയേറിയ ഇരുചക്രങ്ങളിലെയും ഹൈഡ്രോളിക് സിംഗിൾ ഡിസ്‌ക് ബ്രേക്കുകളും വലിയ ഫെയറിംഗും കരുത്തൻ ഭാവവും നൽകുന്നുണ്ട്. ടെയ്ൽലൈറ്റും എൽ.ഇ.ഡിയാൽ സജ്ജമാണ്. പൂർണമായും ഡിജിറ്റലും വിവിധ ഫംഗ്‌ഷനുകളുടെ ഡിസ്‌പ്ളേയും (ഫുൾ കളർ എൽ.സി.ഡി)​ ചേരുന്നതാണ് ഇൻസ്‌ട്രുമെന്റ് പാനൽ. അനായാസ വായനാനുഭവം നൽകുന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്.

മികച്ച പ്രകടനം നടത്തുന്ന,​ പുതിയ 155 സി.സി.,​ ലിക്വിഡ്-കൂൾഡ് എൻജിനാണ് ആർ15ന്റെ മറ്രൊരു മികവ്. 19.3 പി.എസ് കരുത്തുത്‌പാദിപ്പിക്കുന്ന എസ്.ഒ.എച്ച്.സി,​ 4-വാൽവ് ഫ്യുവൽ - ഇൻജക്‌റ്രഡ് എൻജിനാണിത്. പരമാവധി ടോർക്ക് 14.7 ന്യൂട്ടൺ മീറ്രർ. കുറഞ്ഞ ആർ.പി.എമ്മിലും മികച്ച റൈഡിംഗ് സുഖം നൽകുന്ന വേരിയബിൾ വാൽവ്‌സ് ആക്‌ച്വേഷൻ (വി.വി.എ)​ സംവിധാനത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന എൻജിനാണിത്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലും ബൈക്കിനെ 'ഈസിയായി" നിയന്ത്രിക്കാൻ ഇതു സഹായിക്കും. 6-സ്‌പീഡ് ട്രാൻസ്‌മിഷനാണ് ഗിയർ സംവിധാനം. അസിസ്‌റ്ര് ആൻഡ് സ്ളിപ്പർ ക്ളച്ച് പിന്തുണയുള്ളതിനാൽ,​ ഗിയർ മാറ്രം ഏറെ ലളിതമായി നടക്കും. തിരക്കേറിയ റോഡുകളിൽ റൈഡർക്ക് ഇത് വലിയ ആശ്വാസം നൽകും. മൈലേജ്,​ ലിറ്രറിന് 40-47 കിലോമീറ്റർ പ്രതീക്ഷിക്കാം.

ഗിയർ ചേഞ്ചിംഗ് ഇൻസ്‌ട്രുമെന്റ് പാനലിൽ ദൃശ്യമാകും. അനായാസം കൈകാര്യം ചെയ്യാവുന്ന എൻജിനാണിത്. പ്രത്യേകിച്ച്,​ പുതിയ റൈഡർമാർക്ക് ആർ15നെ എളുപ്പത്തിൽ മെരുക്കാനാകും. 142 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. 1325 എം.എം ആണ് വീൽബെയ്‌സ്. 170 എം.എം ഗ്രൗണ്ട് ക്ളിയറൻസ് റൈഡിംഗിന് അനുയോജ്യം തന്നെ. ഇന്ധനടാങ്കിൽ പതിനൊന്ന് ലിറ്റർ പെട്രോൾ നിറയും. ഗ്രേ,​ നീല,​ കറുപ്പ് നിറഭേദങ്ങളിൽ ബൈക്ക് ലഭിക്കും. കൊച്ചി എക്‌സ്‌ഷോറൂം വില 1.42 ലക്ഷം രൂപ.