ലാൽ കൃഷ്‌ണ അദ്വാനിക്ക് വയസ്സായി. 91 വയസ്സ്. 1998 മുതൽ 2014 വരെ തുട
ർച്ചയായ അഞ്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല, അദ്വാനി. ഇടവേളയില്ലാതെ, 21 വർഷം. അതിനു മുമ്
പ് 1991 മുതൽ 96 വരെയും അദ്വാനി ഗാന്ധിനഗർ എം.പി ആയിരുന്നിട്ടുണ്ട് ആകെ ആറു തവണ. കാര്യം എന്തായാലും ഇത്തവണ അദ്വാനിക്ക് സീറ്റില്ല!
ഗാന്ധിനഗറിൽ നിന്ന് ഏഴാം തവണയും അദ്വാനി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകരുടെ പ്രതീക്ഷ. പക്ഷേ, കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിൽ അദ്വാനിയുടെ പേരില്ല! ഗാന്ധിനഗറിൽ മത്സരിക്കുന്നതാകട്ടെ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും! അദ്വാനിക്കു മാത്രമല്ല, മറ്റൊരു സീനിയർ ആയ മുരളീ മനോഹർ ജോഷിക്കും സീറ്റില്ലായിരുന്നു. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പാർട്ടി ഇരുവർക്കും വിട്ടുകൊടുത്തു. അഭിമാനികളായ രണ്ടുപേരും ഒരക്ഷരം മിണ്ടിയില്ല. അതുതന്നെയാണ് പാർട്ടി പ്രതീക്ഷിച്ചതും.
പാർട്ടിക്ക് അസ്ഥിവാരമിടുന്നതിൽ മുഖ്യ പങ്കുവഹിച്ച അദ്വാനിയെ ഇങ്ങനെ കറിവേപ്പില പോലെ കളയാനെന്ത്? ഒറ്റ കാരണമേയുള്ളൂ- വയസ്സായി! അമിത് ഷായ്‌ക്കാകട്ടെ വെറും 54 വയസ്സേയുള്ളൂ. പാർട്ടിയിലേക്ക് പുതുരക്തമൊഴുക്കുന്നതിന്റെ ഭാഗമായാണ് അദ്വാനി ഉൾപ്പെടെ സീനിയർ നേതാക്കളെ ഔട്ടാക്കിയതത്രേ. പക്ഷേ, അതിന് മാന്യമായ ഒരു രീതി ആയിക്കൂടേ എന്നാണ് അദ്വാനി പക്ഷക്കാരുടെ ചോദ്യം. അതു ന്യായം തന്നെ.
അദ്വാനിജിക്ക് സീറ്റ് നൽകാതിരുന്നതിൽ ആദ്യം പ്രതികരിച്ച പാർട്ടി നേതാവ് ഉമാഭാരതിയാണ്. മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ട് അദ്വാനിയുടെ വ്യക്തിപ്രഭാവത്തിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു ഉമയുടെ കമന്റ്. ഇപ്പോൾ ഇതേക്കുറിച്ച് എന്തെങ്കിലും സംസാരിക്കേണ്ടത് അദ്വാനിജി ആണെന്നും ഉമ പറഞ്ഞു.
ഇത്തവണ ഉമാഭാരതി മത്സരത്തിനില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.പിയിലെ ജ്ഝാൻസി മണ്ഡലത്തിൽ നിന്ന് 1,90,467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ ജയിച്ചുകയറിയത്. തൊട്ടു പിന്നിലുണ്ടായിരുന്നത് എസ്.പിയിലെ ചന്ദ്രപാൽ സിംഗ് യാദവ്. ഈ മേയ് മാസം മുതൽ ഗംഗാ തീരം വഴി പതിനെട്ടു മാസം ദീർഘിക്കുന്ന ഒരു തീർത്ഥയാത്ര ആഗ്രഹിക്കുന്നതുകൊണ്ട് സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉമ പാർട്ടി കേന്ദ്ര നേതൃത്വത്തോട് നേരത്തേ ലീവ് ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്നതിൽ നിന്ന് ഉമയെ ഒഴിവാക്കിയെങ്കിലും, അമിത് ഷാ മറ്റൊന്നു ചെയ്തു: ശരി, ലീവ് അനുവദിച്ചിരിക്കുന്നു. പക്ഷേ, ഇന്നു മുതൽ ഉമ പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷ ആയിരിക്കും!