akbalan-

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സി.പിി.എം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയുടെ പേരിൽ നടക്കുന്നത് പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി എ.കെ.ബാലൻ. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പറയേണ്ട സമയത്ത് പറയുമെന്നും ബാലൻ അറിയിച്ചു. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നിജസ്ഥിതി പുറത്ത് വരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേസിൽ അറസ്റ്റിലായ പ്രകാശനെ കോടതി14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി അപേക്ഷ നൽകും. സംഭവസ്ഥലത്തെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് പെൺകുട്ടിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രകാശനെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.

പ്രകാശന്റെ ഡി.എൻ.എ പരിശോധനക്കുളള സാംപിൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയിൽ, യുവതി പൊലീസിന് നൽകിയ ആദ്യത്തെ മൊഴിയിൽ വ്യക്തത വരുത്താനാണ് വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.