ശ്രീനഗർ:പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് ഭീകരൻ അദിൽ ദാർ പാകിസ്ഥാനിലെയും കാശ്‌മീരിലെയും തന്റെ യജമാനന്മാരുമായി
മൊബൈൽ ഫോണിൽ ബന്ധപ്പെട്ടത് ഒരു അമേരിക്കൻ കമ്പനിയുടെ 'വെർച്വൽ സിം' ഉപയോഗിച്ചാണെന്ന് കണ്ടെത്തി. ഈ സേവനദാതാവായ കമ്പനിയിൽ നിന്ന് വിശദാംശങ്ങൾ തേടി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തിന് കത്ത് നൽകും.
പാക് ഭീകരർ ഓപ്പറേഷനുകൾ നടത്താൻ ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് വെർച്വൽ സിം. സാമൂഹ്യമാദ്ധ്യമങ്ങളുമായി കണക്‌ട് ചെയ്യുന്ന കമ്പ്യൂട്ടർ സൃഷ്‌ടിയായ ഒരു നമ്പരാണിത്.
പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് അദിൽ ദാർ അതിർത്തിക്കപ്പുറത്ത് പാകിസ്ഥാനിലുള്ള ജയ്‌ഷെ ഭീകര നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കാശ്‌മീർ പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായ മുദാസിർ ഖാനുമായും ഇയാൾ ബന്ധപ്പെട്ടിരുന്നു. മുദാസിർ ഖാനെ പിന്നീട് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.
ഈ നമ്പരിലേക്ക് ബന്ധപ്പെട്ട നമ്പരുകൾ, അവ ആക്ടിവേറ്റ് ചെയ്‌തവരുടെ വിവരങ്ങൾ, ഇന്റർനെറ്റ് പ്രോട്ടോകാൾ അഡ്രസ് തുടങ്ങിയ വിവരങ്ങൾ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെടും. അമേരിക്കയിൽ നിന്ന് വെർച്വൽ സിം തരപ്പെടുത്താൻ പണം നൽകിയത് ആര്, അതിനായി വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങൾ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുകയാണ്.
പണം നൽകിയത് ആര്?
മുംബയ് ഭീകരാക്രമണത്തിൽ ഭീകരർ വ്യാജ ഐ.ഡി ഉപയോഗിച്ചിരുന്നു. മുംബയ് ആക്രമണ സമയത്ത് ആശയവിനിമയത്തിനുള്ള വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകാൾ ആക്ടിവേറ്റ് ചെയ്യാനായി കാൾഫോണെക്‌സ് എന്ന കമ്പനിക്ക് വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്‌ഫർ വഴി 229 ഡോളർ അയച്ചതായി കണ്ടെത്തിയിരുന്നു. അധിനിവേശ കാശ്‌മീരിൽ താമസക്കാരനായ ജാവേദ് ഇക്ബാൽ എന്നയാളാണ് പണം അയച്ചത്. ഇറ്റലിയിലെ ബ്രെസിയ എന്ന സ്ഥലത്തെ മദീന ട്രേഡിംഗ് എന്ന സ്ഥാപനത്തിലാണ് പണം എത്തിയത്. ഇറ്റലിയിൽ കാല് കുത്തിയിട്ടില്ലാത്ത ഇക്ബാലിന്റെ പേരിൽ ഈ സ്ഥാപനം മുന്നൂറോളം തവണ പണം അയച്ചു. ഇതുപോലെ നിരപരാധികളുടെ ഐ.ഡിയും പാസ്പോർട്ടുമൊക്കെ മോഷ്‌ടിച്ച് ഈ സ്ഥാപനം പണം അയച്ചിരുന്നു. സമാനമായ രീതിയിൽ പുൽവാമ ആക്രമണത്തിലും പണമിടപാട് നടന്നോ എന്നാണ് അന്വേഷിക്കുന്നത്.
വെർച്വൽ സിം
കമ്പ്യൂട്ടർ പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഒരു നമ്പർ സൃഷ്‌ടിക്കും
ആ നമ്പർ ഉപയോഗിക്കാൻ സേവനദാതാവായ കമ്പനിയുടെ ഒരു ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണം
ഈ നമ്പർ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ മാദ്ധ്യമ സൈറ്റുകളുമായി ലിങ്ക് ചെയ്യുന്നു.
സാമൂഹ്യ മാദ്ധ്യമ സൈറ്റുകളിൽ നിന്നുള്ള വേരിഫിക്കേഷൻ കോഡ് സമാർട്ട് ഫോണിൽ കിട്ടുന്നതോടെ വെർച്വൽ സിം ഉപയോഗിക്കാൻ കഴിയും.
ഭീകരൻ ഉപയോഗിച്ചത് + 1 എന്ന കോഡിൽ തുടങ്ങുന്ന നമ്പരായിരുന്നു
+1 അമേരിക്കയുടെ കോഡ് നമ്പരാണ് ( മൊബൈൽ സ്റ്റേഷൻ ഇന്റർനാഷണൽ സബ്സ്‌ക്രൈബർ ഡയറക്‌ടറി നമ്പർ - MSISDN)