ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാർത്താസമ്മേളനത്തിൽ വി.എം.സുധീരൻ വിമർശിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗവും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗവുമായ അഡ്വ. ഡി.സുഗതൻ ഇറങ്ങിപ്പോയി.
യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാന്റെ പ്രചാരണത്തിനായുള്ള സോഷ്യൽ മീഡിയ സെന്റർ ഉദ്ഘാടനത്തിൻെറ ഭാഗമായിട്ടായിരുന്നു സുധീരൻെറ വാർത്താ സമ്മേളനം.
നാഴികയ്‌ക്ക് നാല്പത് വട്ടം നിലപാട് മാറ്റിപ്പറയുന്ന വെള്ളാപ്പള്ളി സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നായിരുന്നു സുധീരൻെറ ആരോപണം. മകൻ ബി.ജെ.പി പക്ഷത്തും വെള്ളാപ്പള്ളി സി.പി.എം പക്ഷത്തുമാണ്. ബി.ജെ.പി-സി.പി.എം ബന്ധത്തിന്റെ കണ്ണിയായി വെള്ളാപ്പള്ളി മാറിയെന്നും സുധീരൻ പറഞ്ഞതോടെ സുഗതൻ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
യോഗം ജനറൽ സെക്രട്ടറിയെ വിമർശിക്കുന്നത് താൻ കേട്ടിരിക്കില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം വിമർശനം പാടില്ലായിരുന്നുവെന്നും സുഗതൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തുടർന്ന് ആലപ്പുഴ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഇരുനേതാക്കളും പങ്കെടുത്തു.
കോൺഗ്രസിൽ യൂദാസുകളുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്യവേ വി.എം.സുധീരൻ പറഞ്ഞു.പാർട്ടിയെ ഒറ്റുകൊടുക്കുന്ന ഇവരെ ഒഴിവാക്കണം. സി.പി.എമ്മിനെയും ബി.ജെ.പിയെയും സഹായിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പ്രവർത്തനം. വളരെക്കാലമായി ഇത്തരം പ്രവർത്തനം നടക്കുന്നുണ്ട്. ചോദിക്കാൻ ആളില്ല എന്നാണ് ഇവർ കരുതുന്നത്. പാർട്ടി നേതൃത്വം ഇത്തരം യൂദാസുകളെ കണ്ടെത്തി സംഘടനാപരമായി കൈകാര്യം ചെയ്യണമെന്നും സുധീരൻ പറഞ്ഞു.
പി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോൾ ഉസ്‌മാൻ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, തുടങ്ങിയവർ പങ്കെടുത്തു.