treasury-

കൊല്ലം: പദ്ധതി വിഹിതം നഷ്ടമാകാതിരിക്കാൻ സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ബില്ലുകൾ കൂട്ടത്തോടെ ട്രഷറിയിൽ സമർപ്പിച്ച് മാറുന്ന സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഗുസ്തി ഇത്തവണ കമ്പ്യൂട്ടർ സമ്മതിക്കില്ല. ട്രഷറികൾ പൂർണമായും കമ്പ്യൂട്ടർവത്കരിച്ചതിനാൽ സാമ്പത്തിക വർഷം തീരുന്ന മാർച്ച് 30ന് രാത്രി 12ന് ശേഷം മാറുന്ന ബില്ലുകൾ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി തുകയിലേ ഉൾപ്പെടുകയുള്ളൂ. ഏപ്രിൽ ഒന്ന് പുലർച്ചെ വരെ ട്രഷറി ഉദ്യോഗസ്ഥർ ഉറക്കമിളച്ച് ജോലി ചെയ്ത് ബില്ലുകൾ മാറി നൽകുന്ന പതിവ് ഇതോടെ അവസാനിക്കുകയാണ്.

ഇത്തവണ 31 ഞായറാഴ്‌ചയായതിനാൽ 30ന് സാമ്പത്തിക വർഷം അവസാനിക്കും. അതിനാൽ ബില്ലുകളും ചെക്കുകളും ചെല്ലാനുകളും 28ന് വൈകിട്ട് 5 മണിക്ക് മുൻപ് ട്രഷറിയിലെത്തിക്കണമെന്ന് ധനവകുപ്പ് സർക്കുലർ അയച്ചു.

നേരത്തേ ബില്ലുകൾ സമർപ്പിച്ചാലും 30ന് മുൻപ് മാറി കിട്ടുമെന്ന് ഉറപ്പില്ല. 27ന് ശേഷം ലഭിക്കുന്ന ബില്ലുകൾ ട്രഷറി ക്യൂവിലേക്ക് മാറ്റും. ബില്ലുകൾ ക്രമ നമ്പരിന്റെ അടിസ്ഥാനത്തിലാകും മാറുക. ബില്ലുകൾ കൂട്ടത്തോടെ എത്തിയാൽ 28ന് മുൻപ് എത്തുന്ന ബില്ലുകളും സാമ്പത്തിക വർഷം അവസാനിക്കും മുൻപ് മാറിയേക്കില്ല. അക്കൗണ്ടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന പണവും 27ന് മുൻപ് മാറ്റിയെടുക്കണമെന്നും നിർദ്ദേശമുണ്ട്.

 തദ്ദേശ സ്ഥാപനങ്ങളുടെ കീശയിൽ 129.46 കോടി

പുതിയ നിർദ്ദേശ പ്രകാരം ബില്ലുകൾ സമർപ്പിക്കാൻ ഇന്ന് ഉൾപ്പടെ ആറ് ദിവസമാണുള്ളത്. 129. 46 കോടി രൂപയാണ് കൊല്ലം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഖജനാവിൽ ശേഷിക്കുന്നത്. ഇതിന്റെ ഇരട്ടിയോളം തുക സർക്കാർ വകുപ്പുകളുടെ കീശയിലുമുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണർന്നില്ലെങ്കിൽ ഈ തുകയുടെ വലിയൊരു ഭാഗം നഷ്ടമാകും.