കൊച്ചി: കേന്ദ്രസർക്കാരിന് ആശ്വാസം സമ്മാനിച്ച്, ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി കുത്തനെ കുറയുന്നു. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ 5.5 ശതമാനം കുറവോടെ 2,950 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. 2017-18ലെ സമാനകാലത്ത് 3,120 കോടി ഡോളറിന്റെ സ്വർണം ഇന്ത്യയിലേക്ക് ഒഴുകിയിരുന്നു.
പത്തു ശതമാനം ഇറക്കുമതി ചുങ്കം ഉള്ളതിന് പുറമേ, കൂടുതൽ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതും സ്വർണവില അന്താരാഷ്‌ട്ര തലത്തിൽ അനാകർഷകമായി നിൽക്കുന്നതുമാണ് ഇക്കുറി ഇറക്കുമതി കുറയാൻ കാരണം. ഇന്ത്യ-കൊറിയ സ്വതന്ത്ര വ്യാപാരക്കരാറിന്റെ അടിസ്ഥാനത്തിൽ, ദക്ഷിണ കൊറിയയിൽ നിന്ന് നികുതിയില്ലാതെ സ്വർണം ഇറക്കുമതി ചെയ്യാമായിരുന്നു. ഈ ഇളവിൽ കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത് ഇറക്കുമതിയെ ബാധിച്ചു. 2018 ഒക്‌ടോബറിലും നവംബറിലും ഡിസംബറിലും വലിയ കുറവ് ഇറക്കുമതിയിലുണ്ടായി.
എന്നാൽ, ജനുവരിയിൽ ഇറക്കുമതി 38.16 ശതമാനം വർദ്ധിച്ചു. മികച്ച ആഭ്യന്തര ഡിമാൻഡായിരുന്നു പ്രധാന കാരണം. 231 കോടി ഡോളറിന്റെ സ്വർണം ജനുവരിയിൽ ഇറക്കുമതി ചെയ്യപ്പെട്ടു. ഫെബ്രുവരിയിൽ 258 കോടി ഡോളറിന്റെ സ്വർണം ഇന്ത്യ വാങ്ങി. 2018 ഫെബ്രുവരിയെ അപേക്ഷിച്ച് 10.8 ശതമാനം കുറവാണിത്. ചൈന കഴിഞ്ഞാൽ, ഏറ്രവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സ്വർണം വാങ്ങാൻ വൻതോതിൽ ഡോളർ ചെലവഴിക്കപ്പെടുന്നത് കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവയെ പ്രതികൂലമായി ബാധിച്ചതോടെയാണ് കൂടുതൽ നിയന്ത്രണം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.
വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി, കഴിഞ്ഞ സാമ്പത്തിക വർഷം ജി.ഡി.പിയുടെ 1.1 ശതമാനമായിരുന്നു. ഈവർഷം ഇത് ജൂലായ്-സെപ്‌തംബർ പാദത്തിൽ 2.9 ശതമാനമാണ്. പിന്നീട്, സ്വർണം ഇറക്കുമതി കുത്തനെ കുറഞ്ഞതിനാൽ, കറന്റ് അക്കൗണ്ട് കമ്മിയിൽ മികച്ച ആശ്വാസം ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.