ശ്രീനഗർ: അതിർത്തിയിൽ വെടിനിറുത്തൽ ലംഘിച്ച് പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. അഖിനൂർ സെക്ടറിൽ പാകിസ്ഥാന്റെ സൈനിക പോസ്റ്റ് ഇന്ത്യ നടത്തിയ വെടിവയ്പിൽ തകർന്നു. തരിപ്പണമായ പാക് സൈനിക പോസ്റ്റിന്റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.
പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണത്തെ തുടർന്നാണ് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചത്. തലകീഴായി കെട്ടിയിരിക്കുന്ന പാകിസ്ഥാനി പതാകയും വീഡിയോയിൽ കാണാം. എസ്.ഒ.എസ് അപായസന്ദേശം(സേവ് അവർ സോൾ) നൽകുന്നതിന്റെ ഭാഗമായാണ് പതാക തലകീഴായി കെട്ടുന്നതെന്ന് സൈന്യം വിശദീകരിച്ചു
ശനിയാഴ്ച പാക്കിസ്ഥാന്റെ വെടിവയ്പിൽ ഇന്ത്യൻ സൈനികൻകൊല്ലപ്പെട്ടതിന് മറുപടിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. കഴിഞ്ഞദിവസം നിയന്ത്രണരേഖയിൽ പൂഞ്ചിലെ ഷാപുർ, കെർണി മേഖലകളിലായിരുന്നു പാക് ഷെല്ലാക്രമണമുണ്ടായത്.