ചേർത്തല:എസ്.എൻ.ഡി.പി യോഗത്തെ പിന്തുടർന്ന് വേട്ടയാടുന്ന വി.എം.സുധീരൻ കോൺഗ്രസിന്റെ അന്തകനാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
'തിരഞ്ഞെടുപ്പ് കാലത്ത് സുധീരന്റെ ഇത്തരം അഭിപ്രായങ്ങൾ കോൺഗ്രസിനെ കുഴിയിൽ ചാടിക്കും. ഗുരുവിന്റെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതിനാലാണ് ഞാൻ 22 വർഷമായി യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നത്. സുധീരന്റെ വിമർശനം പാർട്ടിക്കുള്ളിൽ മതി. എസ്.എൻ.ഡി.പി യോഗത്തെ ഗുണദോഷിക്കേണ്ട. യോഗത്തെ നയിക്കാനും നിയന്ത്രിക്കാനും ഭാരവാഹികളുണ്ട്. അഭിപ്രായ സ്ഥിരതയും സ്വന്തമായി നിലപാടും ഇല്ലാത്ത സുധീരൻ എ,ഐ ഗ്രൂപ്പുകൾ വിട്ട് സ്വയരക്ഷയ്ക്കായി സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കിയയാളാണ്. എന്നിട്ടും ഇയാൾക്ക് പാർട്ടിയിൽ നിൽക്കക്കള്ളിയില്ല. ആലപ്പുഴ വിടേണ്ടി വന്ന ഇയാൾ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രസക്തനായി പ്രസ്താവനയിൽ ഒതുങ്ങുകയാണ്. ചങ്ങനാശേരിയിൽ നിന്ന് ചവിട്ടി പുറത്താക്കിയപ്പോൾ മിണ്ടാപ്പൂച്ചയായി നിന്ന ഇയാൾക്ക് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഒരു ടേം പോലും പൂർത്തിയാക്കാനായില്ല. ഇപ്പോൾ രാഷ്ട്രീയ ശരശയ്യയിലാണ്. എന്നാൽ എസ്.എൻ.ഡി.പി യോഗം അജയ്യമായി പ്രവർത്തനം തുടരുകയാണ്. ഈഴവ സമുദായത്തെ വേട്ടയാടുന്നത് തുടർന്നതോടെ കോൺഗ്രസിന്റെ അവസ്ഥ ജില്ലയിൽ പരിതാപകരമായി. തന്റേടത്തോടെ സ്ഥാനാർത്ഥിയാകാനും ആളെ കിട്ടാതായി. സമുദായത്തിന്റെ പുളിച്ചിയും പൂക്കുമെന്ന് ഇപ്പോഴെങ്കിലും ബോദ്ധ്യമായല്ലോ'- വെള്ളാപ്പള്ളി പറഞ്ഞു.