ആലപ്പുഴ: മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിലല്ലാതെ രാഷ്ട്രീയത്തിനപ്പുറമുള്ള കൂട്ടുകെട്ടാണ് നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ളതെന്ന് വി.എം. സുധീരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റാഫേൽ അഴിമതിയിൽ ഇതുവരെ ഒരു പ്രതികരണവും പിണറായി നടത്തിയിട്ടില്ല. ലാവ്‌ലിൻ വിഷയത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ ഗൂഢമായ ബന്ധമാണ് ഇവർക്കുള്ളത്. നരേന്ദ്രമോദിയുടെ പാതയിലാണ് പിണറായിയും ഭരണം നടത്തുന്നത്. ഇരുവരും കുത്തകകളെ സഹായിക്കുന്നു. ഹരിസൺ ഭൂമി ഇടപാട്, തോമസ് ചാണ്ടി, പി.വി. അൻവർ, ജോയ്സ് ജോർജ് എന്നീ വിഷയങ്ങളിൽ സർക്കാർ സഹായിക്കുകയാണ് ചെയ്തത്. കോൺഗ്രസിനെ അധികാരത്തിലെത്തിക്കാതിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ദേശീയതലത്തിൽ ബി.ജെ.പിയെ ശക്തമായി എതിർക്കുന്ന കോൺഗ്രസിനെ കോ-ലീ-ബി സഖ്യമെന്ന് സി.പി.എം പറഞ്ഞാൽ സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിക്കില്ല. പിണറായി വിജയൻ കൂത്തുപറമ്പിൽ വിജയിച്ചത് ജനസംഘത്തിന്റെ വോട്ടുനേടിയാണെന്ന കാര്യം മറക്കരുത്. വർഗീയകക്ഷികൾക്ക് സഹായം നൽകുന്ന നിലപാടാണ് സി.പി.എം പിന്തുടരുന്നത്. വർഗസമരമെന്നത് ഇടതുപക്ഷത്തിന് കൈമോശം വന്നിരിക്കുന്നുവെന്നും സുധീരൻ പറഞ്ഞു.