ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പണക്കാരുടെ മാത്രം കാവൽക്കാരനാണെന്നും പാവങ്ങളെ കുറിച്ച് ചിന്തിക്കാറില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിൽ കരിമ്പ് കർഷകർക്കുള്ള കുടിശിക നൽകുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് മോദിയെയും യോഗിയെയും പ്രിയങ്ക ട്വിറ്ററിൽ വിമർശിച്ചത്. കരിമ്പ് കർഷകർക്ക് നൽകാനുള്ള 10,000 കോടിയിലേറേ രൂപ സർക്കാർ ഇതുവരെ നൽകിയില്ലെന്നും കർഷകരുടെ മക്കളുടെ വിദ്യാഭ്യാസമടക്കം അടിസ്ഥാനപരമായ കാര്യങ്ങൾ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക പറഞ്ഞു. സർക്കാർ രേഖകൾ പ്രകാരം 2018-19 വർഷങ്ങളിൽ 24,888 കോടി രൂപയുടെ കരിമ്പാണ് വിന്റലിന് 315 രൂപ വിലയിഷ പഞ്ചസാര ഫാക്ടറികൾ കർഷകരിൽ നിന്നു വാങ്ങിയത്. ക്വിന്റലിന് 315 രൂപയ്ക്കാണു കരിമ്പ് വാങ്ങിച്ചത്. ഇതുപ്രകാരം 22,175 കോടി രൂപയാണു സർക്കാർ കർഷകർക്കു നൽകേണ്ടത്. എന്നാൽ 12,339 കോടി രൂപ മാത്രമാണു സർക്കാർ ഇതുവരെ നൽകിയത്. 2017-18 വർഷങ്ങളിലെ കുടിശിക കൂടി കൂട്ടൂമ്പോൾ പതിനായിരം കോടിയിലധികം രൂപയാണു സർക്കാർ കർഷകർക്കു നൽകാനുള്ളത്. ഇതു ചൂണ്ടിക്കാണിച്ചാണു കിഴക്കൻ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ വിമർശനവുമായി എത്തിയത്. കരിമ്പ് കർഷകർക്കു നിർണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.