കൊച്ചി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഒഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ തമ്മിലുള്ള ലയനത്തിന് ഇനി ശേഷിക്കുന്നത് ഏഴുനാൾ മാത്രം! ദേന ബാങ്കിനെയും വിജയ ബാങ്കിനെയും ബാങ്ക് ഒഫ് ബറോഡയിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. ലയനം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. ലയനശേഷം ബാങ്ക് ഒഫ് ബറോഡയ്ക്ക് മൂലധന സഹായമായി 5,000 കോടി രൂപ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
റിസർവ് ബാങ്കിന്റെ പ്രോംപ്‌റ്ര് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ ഫ്രെയിംവർക്ക്) ചട്ടങ്ങൾക്ക് അനുസൃതമായാണ് സഹായം നൽകുന്നത്. കിട്ടാക്കട നിരക്ക് കൂടുതലായതിനാൽ, ദേന ബാങ്കിന്റെ സാമ്പത്തികസ്ഥിതി തൃപ്‌തികരമല്ല. റിസർവ് ബാങ്കിന്റെ ശിക്ഷണ നടപടിയായ പ്രോംപ്‌റ്ര് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ) ഫ്രെയിംവർക്കിൽ ദേന ബാങ്ക് ഉൾപ്പെട്ടിട്ടുമുണ്ട്. പുതിയ ബാങ്കിന്റെ ബാലൻസ് ഷീറ്രിനെ ഇത് പ്രതികൂലമായി ബാധിക്കാതിരിക്കുകയും മൂലധന സഹായം നൽകുന്നതിന്റെ ലക്ഷ്യമാണ്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയ രണ്ടു പൊതുമേഖലാ ബാങ്കുകളിലൊന്നാണ് വിജയ ബാങ്ക്.
പി.സി.എ നടപടി നേരിടുന്ന ബാങ്കുകൾക്ക് പുതിയ ശാഖകൾ തുറക്കാനും വായ്‌പാ വിതരണത്തിനും മറ്രും റിസർവ് ബാങ്കിന്റെ വിലക്കുണ്ട്. കേന്ദ്ര ധനസഹായം കൂടി ലഭിച്ച്, മൂലധനം മെച്ചപ്പെടുമെന്നതിനാൽ ലയിച്ചുണ്ടാകുന്ന പുതിയ ബാങ്കിന് ഈ വിലക്കുകൾ ബാധകമാവില്ല. കഴിഞ്ഞ ജനുവരി രണ്ടിനാണ് കേന്ദ്രമന്ത്രി സഭ ഈ മൂന്നു ബാങ്കുകളുടെയും ലയനത്തിന് അന്തിമാനുമതി നൽകിയത്. പുതിയ ബാങ്ക് 14.82 ലക്ഷം കോടി രൂപയുടെ മൂല്യവുമായി രാജ്യത്തെ ഏറ്രവും വലിയ മൂന്നാമത്തെ ബാങ്കായി മാറും. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
9,500 ശാഖകളും പുതിയ ബാങ്കിനുണ്ടാകും. നിലവിൽ ബാങ്ക് ഒഫ് ബറോഡയുടെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പി.എസ്. ജയകുമാർ പുതിയ ബാങ്കിന്റെ മേധാവിയാകുമെന്നാണ് സൂചന. ലയനത്തിന്റെ ഭാഗമായുള്ള ഓഹരി കൈമാറ്റത്തിന്റെ അനുപാതം ബാങ്ക് ഒഫ് ബറോഡ പ്രഖ്യാപിച്ചിരുന്നു. ബാങ്ക് ഒഫ് ബറോഡയുടെ ആയിരം ഓഹരികൾക്കായി ദേന ബാങ്കിന്റെ ഓഹരി ഉടമകൾ 110 ഓഹരികളും വിജയ ബാങ്കിന്റെ ഓഹരിയുടമകൾ 402 ഓഹരികളും കൈമാറണം.
₹1.90 ലക്ഷം കോടി
പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായമായി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാർ ഇതുവരെ നൽകിയത് 1.90 ലക്ഷം കോടി രൂപയാണ്. പ്രവർത്തനം വിപുലീകരിക്കുക, റിസർവ് ബാങ്കിന്റെ ശിക്ഷണ നടപടിയായ പി.സി.എ ചട്ടക്കൂടിൽ നിന്ന് രക്ഷപ്പെടുക എന്നിവയാണ് സഹായം നേടുന്നതിന്റെ ഉദ്ദേശ്യം.