കൊച്ചി: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ജീവചരിത്രം "നിത്യഹരിതം" താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കവിയൂർ പൊന്നമ്മയിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശിപ്പിച്ചു. കാലചക്രം എന്ന സിനിമയിൽ പ്രേംനസീറിന് പകരം കടത്തുകാരന്റെ വേഷത്തിലെത്തിയ മമ്മൂട്ടിയോട് തനിക്ക് പകരമെത്തിയ ആളാണല്ലേ എന്ന് നസീർ ചോദിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അല്ലാതെ പ്രേംനസീറിന് പകരക്കാരനായി എത്താൻ തനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മറ്റു രാജ്യങ്ങളിലുള്ളതു പോലെ താരങ്ങളുടെ ജീവചരിത്രമെന്നത് മലയാളത്തിൽ എന്തുകൊണ്ടു വരുന്നില്ലെന്ന് കരുതിയിരുന്നെന്നും ഈ പുസ്തകം അതിനൊരു തുടക്കമാകട്ടെയെന്നും മോഹൻലാൽ പറഞ്ഞു.

വരും തലമുറയ്ക്ക് പ്രേംനസീർ എന്ന മഹാനടനെ മനസിലാക്കാനായി ഈ പുസ്തകം സഹായിക്കുമെന്ന് പ്രേംനസീർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംവിധായകൻ ശ്രീകുമാരൻ തമ്പി പറഞ്ഞു. ജനനം മുതൽ ജീവിതാവസാനം വരെ നസീറിന്റെ അറിഞ്ഞതും അറിയാത്തതുമായ നിരവധി സംഭവങ്ങൾ കോർത്തിണക്കിയാണ് ആയിരത്തോളം പേജുകളിൽ ആർ. ഗോപാലകൃഷ്ണൻ പുസ്തകം തയ്യാറാക്കിയത്. അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രത്തിന്റെ വിശേഷങ്ങൾക്ക് പുറമേ ഒരു സിനിമയിൽ പോലും നായികയായി അഭിനയിച്ചവരുടേതുൾപ്പെടെയുള്ളവരുടെ ഓർമ്മക്കുറിപ്പുകളും നസീറിന്റെ ജീവിതത്തിലെ അപൂർവ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

നസീറിന്റെ സിനിമകളുടെ പേരുകളിൽ ഏഴ് അദ്ധ്യായങ്ങളിലായാണ് പുസ്തകം രചിച്ചിരിക്കുന്നത്. കൗമുദി വാരികയിൽ നസീർ പങ്കുവച്ച ലേഖനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാനും നിർമ്മാതാവുമായ ജി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. പ്രേംനസീറിന്റെ മകൻ ഷാനവാസ്,​ തലേക്കുന്നിൽ ബഷീ‌ർ,​ കുഞ്ചാക്കോ ബോബൻ,​ ഡോ.എം.കെ. മുനീർ എം.എൽ.എ,​ സിബി മലയിൽ​ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നസീറിന്റെ സഹപ്രവർത്തകരെ ആദരിച്ചു. എറണാകുളം ടി.ഡി.എം ഹാളിലെ നിറഞ്ഞുകവിഞ്ഞ സദസിലായിരുന്നു ചടങ്ങ് നടന്നത്. തുടർന്ന് പ്രേംനസീർ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശയും അരങ്ങേറി.