കൊച്ചി: ഇടപ്പള്ളി മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ വീട്ടിൽ ഇന്നലെ രാവിലെ വീണ്ടും ഗൃഹപ്രവേശമായിരുന്നു. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ വീടിന്റെ താക്കോൽ കൈകളിൽ വച്ചുനൽകിയപ്പോൾ പ്രീത മനംനിറഞ്ഞു ചിരിച്ചു.
സർഫാസി നിയമപ്രകാരം ബാങ്ക് ജപ്തിചെയ്ത വീട് ഹൈക്കോടതിയുടെ ഇടപെടലിലൂടെ തിരിച്ചു കിട്ടിയതിന്റെ സന്തോഷം വന്നുചേർന്നവർക്ക് പരിപ്പ് പായസം വച്ചുവിളമ്പി പ്രീത പങ്കുവച്ചു. ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണിയും നൽകി. ഗൃഹപ്രവേശച്ചടങ്ങിൽ മന്ത്രി സി.രവീന്ദ്രനാഥ്, വി.എം സുധീരൻ, പി.ടി. തോമസ് എം.എൽ.എ, സർഫാസി വിരുദ്ധ സമരസമിതി നേതാവ് പി.ജെ.മാനുവൽ, സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരും എല്ലാക്കാര്യത്തിനും പിന്തുണയുമായി ഉണ്ടായിരുന്നു.
പ്രീത സ്വന്തം വീട്ടുമുറ്റത്ത് ചിതയൊരുക്കി നടത്തിയ സമരത്തിന്റെ കൂടി വിജയമാണിത്. കാർഡ് ബോർഡ് ഉപയോഗിച്ചുണ്ടാക്കിയ ബാങ്ക് , റിയൽ എസ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ പ്രതീകം ചിതയ്ക്ക് മുകളിൽവച്ച് തീകൊളുത്തി സമരം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു ഗൃഹപ്രവേശച്ചടങ്ങ്. സമരത്തിന്റെ പേരിൽ ജയിലിൽ പോയവരെ മാലയിട്ട് സ്വീകരിച്ചു.
1994ൽ ആണ് ബന്ധുവായ സാജന് വേണ്ടി രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് പ്രീതയുടെ ഭർത്താവ് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വച്ച് ബാങ്കിൽ ജാമ്യം നിന്നതാണ്. പണം തിരിച്ചടയ്ക്കാതായപ്പോൾ ബാദ്ധ്യത ഷാജിയുടേതായി. സർഫാസി നിയമം ഉപയോഗിച്ച് ബാങ്ക് 18.5 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തു. അനുകൂലവിധി സമ്പാദിച്ച പ്രീതാഷാജി ബാങ്കിലും മറ്റും അടയ്ക്കാനുള്ള 45 ലക്ഷത്തോളം രൂപ പൊതുജനങ്ങളിൽ നിന്ന് പലിശരഹിത വായ്പയായി ധനസമാഹരണം നടത്തി. പണം അടച്ചതിന് ശേഷമാണ് വീടിന്റെ താക്കോൽ തിരികെക്കിട്ടിയത്.
സേവനം ശിക്ഷയല്ല
കോടതിയലക്ഷ്യക്കേസിൽ 100 മണിക്കൂർ പാലിയേറ്രിവ് കെയറിൽ സേവനം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് ശിക്ഷയായി കാണുന്നില്ലെന്ന് പ്രീതാ ഷാജി പറഞ്ഞു. ഇത് താനും ഭർത്താവും ഉടൻ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. ജപ്തി ചെയ്ത വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു പ്രീതയും ഭർത്താവും 100 മണിക്കൂർ പാലിയേറ്രിവ് കെയറിൽ സേവനം ചെയ്യണമെന്ന് ഹൈക്കോടതി ശിക്ഷ വിധിച്ചത്. കൈവിട്ടു പോകുമെന്ന് തോന്നിയ ജീവിതം തിരികെ നേടിത്തന്നത് സർഫാസി വിരുദ്ധ സമരസമിതിയും നാട്ടുകാരുമാണ്. അവരെ ഒരിക്കലും മറക്കാനാവില്ലെന്നും പ്രീത പറഞ്ഞു.