chinama
മരിച്ച ചിന്നമ്മ

കോട്ടയം: സ്വന്തം വീട്ടുവളപ്പിൽ വൃദ്ധയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാണക്കാരി വാഴക്കാലായിൽ പരേതനായ ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മയാണ് (85) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ മകൻ ബിനുരാജിനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ 10.30 ഓടെ കാണക്കാരി പട്ടിത്താനം വിക്‌ടർ ജോർജ് റോഡിലെ വീട്ടുവളപ്പിലായിരുന്നു സംഭവം. ചിന്നമ്മയും ബിനുവും മാത്രമാണ് വീട്ടിൽ താമസം. പറമ്പിൽ വാഴ കത്തുന്നത് കണ്ട് ചെന്നുനോക്കിയപ്പോൾ അമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് ബിനുവിന്റെ മൊഴി. വാഴ കത്തുന്നത് കണ്ടതായി അതിരമ്പുഴയിലുള്ള സഹോദരീ ഭർത്താവിനെയും, മൃതദേഹം കണ്ടതായി അമയന്നൂരിലെ സഹോദരിയെയും ഇയാൾ ഫോണിൽ വിളിച്ചുപറഞ്ഞിരുന്നു. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗമാണ് പൊലീസിൽ അറിയിച്ചത്. വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. പറമ്പിലെ വാഴക്കൂട്ടങ്ങളുടെ ചുവട്ടിൽ കരിയിലയുടെയും മറ്റും ചാരം കിടപ്പുണ്ട്. പതിനഞ്ച് അടിയോളം മാറിയാണ് പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഇവിടെ തീ പടർന്നതിന്റെ ലക്ഷണം ഇല്ലായിരുന്നു. മർദ്ദനത്തെ തുടർന്ന് ബോധം പോവുകയോ മരിക്കുകയോ ചെയ്ത ചിന്നമ്മയെ വാഴച്ചുവട്ടിൽ കൊണ്ടുവന്നിട്ട് കത്തിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വിദേശത്തായിരുന്ന ബിനു രണ്ടു വ‌ർഷം മുമ്പാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കളുമൊത്ത് വീട്ടിലിരുന്ന് മദ്യപാനം പതിവായതോടെ ചിന്നമ്മയുമായി ഇതേച്ചൊല്ലി വഴക്കുണ്ടാകുമായിരുന്നു. ഇവരെ മർദ്ദിക്കുന്നതു കണ്ടുവെന്ന നാട്ടുകാരുടെ പരാതിയിൽ പൊലീസ് പലവട്ടം ബിനുവിനെ താക്കീതു ചെയ്തിട്ടുമുണ്ട്. കേസു വേണ്ടെന്ന നിലപാടിലായിരുന്നു ചിന്നമ്മ. ആറു മാസം മുൻപ് തലയ്‌ക്ക് അടിയേറ്റതിനെ തുടർന്ന് ചിന്നമ്മ കുറച്ചു നാൾ മകളുടെ വീട്ടിലും പോയി നിന്നിട്ടുണ്ട്.

വെച്ചൂർ കുറുപ്പംകാട്ടിൽ കുടുംബാംഗമാണ് ചിന്നമ്മ. ഭർത്താവ് ജോസഫ് നാല് വർഷം മുമ്പ് കാണക്കാരി അമ്പലകവലയ്ക്ക് സമീപം സ്‌കൂട്ടർ തട്ടി മരിച്ചു. മറ്റ് മക്കൾ: തങ്കമ്മ, മേഴ്‌സമ്മ, മരുമക്കൾ: തോമസ് (അമയന്നൂർ), ടോമി (അതിരമ്പുഴ). മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം ഇന്നു രാവിലെ 10.30ന് പട്ടിത്താനം രത്‌നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.