കൽപറ്റ: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂർ കോളനിയിലെ സുന്ദരൻ (27) ആണ് മരിച്ചത്. കുരങ്ങു പനി ബാധിച്ച് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിലവിൽ ആറുപേർ കുരങ്ങുപനി ബാധിച്ച് ചികിത്സയിലാണ്.കഴിഞ്ഞ പത്താം തീയതിയാണ് സുന്ദരനെ രോഗബാധയെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മാർച്ച് 13ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബാവലിയിൽ വനത്തിനുള്ളിലെ തടിഡിപ്പോയിൽ പണിക്കു പോയപ്പോഴാണ് സുന്ദരന് രോഗബാധയുണ്ടായതെന്നു സംശയിക്കുന്നു. ഇവിടെ കുരങ്ങുകൾ ചത്തുവീണിരുന്നു. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുനെല്ലി മേഖലയിൽ നിന്നുള്ളവരാണ്. കർണാടക വനമേഖലയിൽ ജോലിക്കു പോയവരിലാണ് രോഗം കണ്ടെത്തിയത്.
വയനാട് അതിര്‍ത്തിയായ കർണാടക ബൈരക്കുപ്പയിൽ ഈ മാസമാദ്യം കുരങ്ങുപനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. 2015–ൽ പനി ബാധിച്ച് 11 പേരാണു ജില്ലയിൽ മരിച്ചത്. അസുഖം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.