pc-chacko-a

ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മതം അറിയിച്ചെന്ന വാർത്തകൾ മുതിർന്ന നേതാവ് പി.സി ചാക്കോ നിഷേധിച്ചു. ഇതിൽ രാഹുൽ അന്തിമതീരുമാനമെടുത്തിട്ടില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് രാഹുലിനെ കർണാടകയിൽ മത്സരിക്കാൻ ആദ്യം ക്ഷണിച്ചത്. തമിഴ്നാട്ടിൽ മത്സരിക്കാൻ ഡി.എം.കെ നേതാവ് സ്റ്റാലിനും അവിടത്തെ കോൺഗ്രസ് നേതാക്കളും രാഹുലിനെ ക്ഷണിച്ചിരുന്നു. കേരള നേതാക്കൾ വയനാട്ടിലേക്കും ക്ഷണിച്ചിട്ടുണ്ട്. അതേക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ആരോടും രാഹുൽ അനുകൂലമായി പ്രതികരിച്ചിട്ടില്ല. രാഹുൽ തീരുമാനിക്കേണ്ട വിഷയമാണ്. അതിനപ്പുറം ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് വസ്തുതാപരമല്ല. ദക്ഷിണേന്ത്യയിലെ ഒരു സീറ്റിൽ കൂടി രാഹുൽ മത്സരിക്കുന്നത്‌ നല്ലതാണ്. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കർണാടകയിൽ മത്സരിച്ചിട്ടുണ്ട്. ഏതെങ്കിലും സീറ്റിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചുപോയി എന്നത് രാഹുൽഗാന്ധിക്ക് മത്സരിക്കുന്നതിന് തടസമല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സ്ഥാനാർത്ഥി നിർണയം നടന്നത് ഗ്രൂപ്പടിസ്ഥാനത്തിലാണെന്നും പങ്കുവയ്പ്പ് രാഷ്ട്രീയം നിർഭാഗ്യകരമാണെന്നും പി.സി ചാക്കോ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം വൈകിയത് പോരായ്മയാണെന്നും ഇക്കാര്യത്തിൽ നേതാക്കൾക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.