bjp-

ന്യൂഡൽഹി: ബി.ജെ.പിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് പ്രവർത്തനക്ഷമമായതിന് പിന്നാലെ തങ്ങളുടെ ടെംപ്ലേറ്റ് തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യൻ വെബ് ഡിസൈൻ കമ്പനി രംഗത്തെത്തി. ടെംപ്ലേറ്റ് നിർമാതാക്കളുടെ പേരു മാറ്റി തങ്ങളുടെഡിസൈൻ അതേപടി ബി.ജെ.പി ഐ.ടി വിഭാഗം പകർത്തിയെന്നാണ് ആരോപണം.

ആന്ധ്രപ്രദേശിലെ ഡബ്ല്യു3 ലേഔട്ട്സ് എന്ന സ്ഥാപനമാണ് പരാതി ഉന്നയിച്ചത്. ഡിസൈൻ ചെയ്ത കമ്പനിയുടെ പേരു പാർട്ടി മറച്ചുവച്ചെന്നാണു പരാതി. പ്രതിഫലം നൽകാതെ ബാക്ക്‌‍ലിങ്ക് ഒഴിവാക്കിയശേഷമാണു ഞങ്ങളുടെ ടെംപ്ലേറ്റ് അവർ ഉപയോഗിച്ചിരിക്കുന്നതെന്നും നിർമാതാക്കളുടെ പേര് അതിൽ നൽകിയിട്ടില്ലെന്നും കമ്പനി പറയുന്നു.

തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ കോഡ് തന്നെയാണ് ബി.ജെ.പി ഇപ്പോഴും ഉപയോഗിക്കുന്നത്. പേജിന്റെ സോഴ്സ്കോഡിൽ ഇതു വ്യക്തമാണെന്നും സ്ഥാപനം അവകാശപ്പെട്ടു. നിർമാതാക്കളുടെ പേര് കൂടി ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും സ്ഥാപനം ബി.ജെ.പിയോടു ട്വിറ്ററിൽ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ചൗക്കീദാറെന്ന് (കാവൽക്കാരൻ)​ സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്റെ പാർട്ടി എങ്ങനെയാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയർപ്പുമാണു മോഷ്ടിച്ചത്. അതു കണ്ടെത്തിയപ്പോൾ അവഗണിച്ചെന്നും സ്ഥാപനം ആരോപിച്ചു.

ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബി.ജെ.പിക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന ഉൾപ്പെടെയുള്ളവർ ബി.ജെ.പിക്കെതിരെ രംഗത്തെത്തി. വിഷയത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2 weeks after Hack, https://t.co/sO04WhhPra website is back online with w3layouts template @W3layouts provides free web templates @w3hidayath @BJP4India @fs0c131y @ndtv @timesofindia @TheQuint @republic @scroll_in @newslaundry @Airavta @rupasubramanya @ashoswai @aartic02 pic.twitter.com/PrwHGcxPSQ

— W3layouts (@W3layouts) March 22, 2019