ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതിൽ മുതിർന്ന നേതാവ് എൽ.കെ.അദ്വാനിക്ക് കടുത്ത നിരാശയെന്ന് റിപ്പോർട്ട്. സീറ്റ് നിഷേധിച്ചതിലല്ല, നിഷേധിച്ച രീതിയിലാണ് അദ്ദേഹത്തിന് പ്രതിഷേധമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
അദ്വാനിയുമായി ഇതുവരെ മുൻനിര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് അറിയാൻ സാധിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് ആറു തവണ ലോക്‌സഭയിലേക്കെത്തിയിട്ടുള്ള അദ്വാനിക്ക് പകരം ഇത്തവണ ഇവിടെ നിന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ജനവിധി തേടുന്നത്. വിരമിക്കൽ പ്രായപരിധി കർശനമാക്കിയാണ് ബി.ജെ.പി ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ 91 വയസുള്ള അദ്വാനി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു. 2014-ൽ ബി.ജെ.പി അധികാരത്തിലേറിയ ഉടൻ അദ്വാനിയേയും അദ്ദേഹത്തിന്റെ കൂടെയുള്ള മുതിർന്ന നേതാക്കളേയും പാർട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് തൊട്ടടുത്ത വർഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളിൽ നിന്നും പാർട്ടി പരിപാടികളിൽ മാറ്റി നിറുത്തുകയും ചെയ്തിരുന്നു.