pulwama

ശ്രീനഗർ:പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് ഭീകരൻ ഉപയോഗിച്ചത് അമേരിക്കൻ കമ്പനിയുടെ 'വെർച്വൽ സിമ്മാണെന്ന് അന്വേഷണ ഉദ്യാഗസ്ഥരുടെ കണ്ടെത്തൽ. അദിൽ ദാർ പാകിസ്ഥാനിലെയും കാശ്‌മീരിലെയും തന്റെ ഭീകരകുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടത് ഒരു അമേരിക്കൻ കമ്പനിയുടെ 'വെർച്വൽ സിം' ഉപയോഗിച്ചാണെന്നാണ് കണ്ടെത്തിയത്. ഇതോടെ അന്വേഷണം ഊർജിതമാക്കി.

പാക്കിസ്ഥാൻ ഭീകരർ ഓപ്പറേഷനുകൾ നടത്താൻ ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് വെർച്വൽ സിം. സാമൂഹ്യമാദ്ധ്യമങ്ങളുമായി കണക്‌ട് ചെയ്യുന്ന കമ്പ്യൂട്ടർ സൃഷ്‌ടിയായ ഒരു നമ്പറിലാണ് ഇവർ ബന്ധപ്പെടുക. ഈ കമ്പനിയിൽ നിന്ന് വിശദാംശങ്ങൾ തേടി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തിന് കത്ത് നൽകാണ് തീരുമാനം.

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് അദിൽ ദാർ അതിർത്തിക്കപ്പുറത്ത് പാകിസ്ഥാനിലുള്ള ജയ്‌ഷെ ഭീകര നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കാശ്‌മീർ പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായ മുദാസിർ ഖാനുമായും ഇയാൾ ബന്ധപ്പെട്ടിരുന്നു. മുദാസിർ ഖാനെ പിന്നീട് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.

ഈ നമ്പരിലേക്ക് ബന്ധപ്പെട്ട നമ്പരുകൾ,​ അവ ആക്ടിവേറ്റ് ചെയ്‌തവരുടെ വിവരങ്ങൾ,​ ഇന്റർനെറ്റ് പ്രോട്ടോകാൾ അഡ്രസ് തുടങ്ങിയ വിവരങ്ങൾ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെടും. അമേരിക്കയിൽ നിന്ന് വെർച്വൽ സിം തരപ്പെടുത്താൻ പണം നൽകിയത് ആര്,​ അതിനായി വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങൾ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുകയാണ്.