ന്യൂഡൽഹി : കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബി.ജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. പ്രധാനമന്ത്രി സ്ഥാനാർത്ഥി പോലുമില്ലാത്ത പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ അത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ മഹാസഖ്യത്തിലെ ഒരു നേതാവിന് പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യമില്ല. മായാവതിക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണം. എന്നാൽ അവർ മത്സരിക്കാൻ തയ്യാറല്ല. ശരത് പവാർ, മമത ബാനർജി, സ്റ്റാലിൻ എന്നിവരും മത്സരിക്കാൻ തയ്യാറല്ലെന്ന് അമിത് ഷാ ആരോപിച്ചു.
കർഷകർക്ക് നേരിട്ട് ധനസഹായം എത്തിക്കുന്നതും പാവപ്പെട്ടവർക്ക് ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ നടപ്പാക്കിയത് മോദി സർക്കാരിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് മാതൃകയാണെന്ന് അമിത് ഷാ ചൂണ്ടിക്കാണിച്ചു.
ബി.ജെ.പിയുടെ വികസനവും മഹാസഖ്യത്തിന്റെ അഴിമതിയും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. പാകിസ്താനിൽ രണ്ട് സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ ധൈര്യമുള്ള നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹം അത് കാണിച്ച് തന്നു. അതേസമയം കോൺഗ്രസും സാം പിത്രോദയും രാജ്യത്തിന്റെ പ്രതിരോധത്തെ വോട്ടുബാങ്കിനായി ദുർബലമാക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
സൈനികരുടെ മരണത്തിന് പകരം വീട്ടുന്ന രണ്ട് രാജ്യങ്ങളുണ്ട്. അമേരിക്കയും ഇസ്രയേലും. മോദി സർക്കാരിന്റെ കാലത്ത് ഇതിൽ മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യയെന്ന് അമിത് ഷാ പറഞ്ഞു. മോദിക്ക് മാത്രമാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കുകയെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണെന്നും, അല്ലാതെ ഒരു നേതാവ് ആഗ്രഹിക്കുന്നത് പോലെ അയാൾക്ക് പ്രധാനമന്ത്രിയാവാന്‍ ഉള്ളതല്ലെന്നും ഷാ വ്യക്തമാക്കി.