ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ പുത്തൻ പ്രചരണ തന്ത്രവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. 2014 തിരഞ്ഞെടുപ്പിൽ ചായ് പെ ചർച്ചകളായിരുന്നു ബി.ജെ.പി പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇപ്രാവശ്യം ചായ് പെ ചർച്ചകൾക്ക് മാറ്റി മേം ഭി ചൗകീദാർ ( ഞാനും കാവല്‍കാരൻ) എന്ന് ഉയർത്തിക്കാട്ടിയാണ് മുന്നിട്ടിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയാണ് ബി.ജെ.പി വീണ്ടും പ്രചാരണത്തിറങ്ങുന്നത്.
വിവിധ കേന്ദ്രങ്ങളിൽ മേം ഭി ചൗകീദാർ എന്ന മുദ്രാവാക്യം ഉയർത്തി പ്രചാരണ പരിപാടികൾ ആരംഭിക്കും. ഇതിന് വേണ്ടിയുള്ള രജിസ്ട്രേഷനും ഉടനെ തുടങ്ങും. മാർച്ച് 31 നടക്കുന്ന പരിപാടിയിൽ വിവിധ പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്നവരോട് പങ്കുചേരാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അന്നേ ദിവസം മോദി വീഡിയോ കോൺഫറൻസ് വഴി എല്ലാ കേന്ദ്രങ്ങളിലെയും പ്രവർത്തകരുമായി സംവദിക്കും.
ചായ് പെ ചർച്ചകളേക്കാൾ ശക്തമായാണ് മേം ഭി ചൗകീദാർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ കാവൽക്കാരൻ കള്ളനാണ് എന്ന കോൺഗ്രസിന്റെ പ്രചാരണം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ അതിന് മറുപടിയായി കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും പേരിന് മുമ്പിൽ ചൗകീദാർ എന്ന് ചേർത്ത് രംഗത്തെത്തിയിരുന്നു. കാവൽക്കാരന്റെ പ്രചാരണത്തിന്റെ ഭാഗമായി ടീഷർട്ടും കോളർ ടൂണും പാർട്ടി പുറത്തിറക്കിയിട്ടുണ്ട്.