crime

ന്യൂഡൽഹി:ബൈക്കിലെത്തി സ്ത്രീയുടെ പേഴ്സ് തട്ടിയെടുത്തവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് പൊലീസിനെയും ഞെട്ടിച്ചു. ന്യൂഡൽഹിയിലെ ജനക്പൂരിൽ വനിതാദിനത്തിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയുടെ പഴ്‌സ് തട്ടിയെടുക്കുന്നതും തടുക്കാന്‍ ശ്രിമിച്ച സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും സ്ഥലത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു.

കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരും യുവതികളായിരുന്നു. പുരുഷ വേഷത്തിൽ ബൈക്കിലെത്തി 53കാരിയുടെ പേഴ്‌സ് പിടിച്ചുപറിച്ച സംഭവത്തിൽ 33 വയസുള്ള യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാനാണ് യുവതി പുരുഷവേഷം ധരിച്ച് കവർച്ച നടത്തിയത്. നാഗോലി സ്വദേശിനിയായ രമൻജീത്ത് കൗറാണ് (33) അറസ്റ്റിലായത്. ഇവരോടൊപ്പം നിഹാൽ വിഹാർ സ്വദേശി രംനീക്ക് സിംഗും (24)അറസ്റ്റിലായിട്ടുണ്ട്. ബണ്ടി ബബ്ലി സംഘാംഗങ്ങളാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ബൈക്കും സ്‌കൂട്ടറും ഒരു സത്രീയുടെ പേഴ്സും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

വനിതാ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ 53കാരിയുടെ പേഴ്‌സ് ആണ് യുവതികൾ പിടിച്ചുപറിച്ചത്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം പഴ്സ് തട്ടിപ്പറിച്ചു. പിടിവലിക്കിടയിൽ 53കാരി നിലത്തുവീണു. അപ്പോഴേക്കും സംഘം ബൈക്കില്‍ പഴ്‌സുമായി കടന്നുകളഞ്ഞു. കൊലക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് അറസ്റ്റിലായ യുവതിയുടെ ഭർത്താവ്.