തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച് രാത്രി വീണ്ടും കൊലപാതകം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ബാർട്ടൺഹില്ലിൽ ക്രിമിനൽ കേസിലെ പ്രതികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ യുവാവ് വെട്ടേറ്റുമരിച്ചു. ഗുണ്ടുകാട് സ്വദേശി എസ്.പി. അനിൽകുമാറാണ് (40,അനി) മരിച്ചത്. നിരവധികേസുകളിലെ പ്രതിയായ ജീവനാണ് അനിലിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്.
ബാർട്ടൺഹില്ലിൽ നിന്ന് ലാ കോളേജിലേക്ക് പോകുന്ന വഴിയിലെ പാർക്കിന് സമീപത്ത് ശരീരമാസകലം വെട്ടേറ്റ് ചോരയിൽ കുളിച്ചു കിടന്ന അനിലിനെ സുഹൃത്തുക്കളാണ് ആദ്യം കണ്ടത്. ഉടൻ മ്യൂസിയം പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അവരുടെ വാഹനത്തിൽ അനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിൽ ആക്രമണത്തിന് ഇരയായ സ്ഥലത്തിന് സമീപം വീടുകളുണ്ട്. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി പൊലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അനിൽ ഇപ്പോൾ ആട്ടോറിക്ഷാ ഡ്രൈവറാണ്.
അനിലും ജീവനും തമ്മിൽ ശത്രുതയുണ്ടായിരുന്നെന്നും പറയപ്പെടുന്നു. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയതായി മ്യൂസിയം പൊലീസ് പറഞ്ഞു. അനിലിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.