ansi

കൊച്ചി: ന്യൂസിലാൻഡിൽ മുസ്ലീം പള്ളിക്കുള്ളിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. രാവിലെ ഒമ്പത് മണിക്ക് കൊടുങ്ങല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകൾ നടക്കും.

മാർച്ച് 15നാണ് ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ അൽ നൂർ മസ്ജിദിൽ ജുമാ നിസ്‌കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിൽ അൻസി ഉൾപ്പെടെ അമ്പത് പേർ കൊല്ലപ്പെട്ടത്. ഒരു വർഷം മുമ്പാണ് അൻസിയ ഭർത്താവ് അബ്ദുൾ നാസറിനൊപ്പം ന്യൂസിലാൻഡിലേക്ക് പോയത്. ന്യൂസിലാൻഡ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എംടെക് വിദ്യാർത്ഥിനിയായിരുന്നു അൻസി. വെടിവയ്പ്പ് നടന്ന ദിവസം ഇവർ ഒരുമിച്ചാണ് പള്ളിയിലെത്തുന്നത്. സംഭവസമയത്ത് നാസർ പള്ളിയ്‌ക്ക് പുറത്തായിരുന്നു. നിസാര പരിക്കുകളോടെയാണ് നാസർ രക്ഷപ്പെട്ടത്.