മാവേലിക്കര: ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു എൻ.എസ്.എസ് നേതൃത്വം.
മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് യൂണിയൻ ഓഫീസിൽ സ്വീകരണം നൽകിയ എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് പിരിച്ചുവിട്ടത്. 15 അംഗ യൂണിയൻ കമ്മിറ്റിയിൽ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങൾ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.
യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിയാണ് മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് ഇവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കണമെന്ന നിർദ്ദേശം കരയോഗം പ്രവർത്തകരുടെ വീടുകളിൽ എത്തിക്കണമെന്ന അറിയിപ്പ് യൂണിയൻ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്കും ചിലയിടങ്ങളിൽ യു.ഡി.എഫിനും പിന്തുണ നൽകുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നൽകിയതും പുറത്താക്കലിന് കാരണമായി.
'എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത് നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടിനെ എതിർത്തതിലുള്ള പ്രതികാരമാണ്. കരയോഗാംഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് യു.ഡി.എഫിന് ഉറപ്പാക്കണമെന്നുള്ള നിർദ്ദേശം അപ്രായോഗികമാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതാണ് നടപടിക്കു കാരണമായത്'
(അഡ്വ.ടി.കെ. പ്രസാദ്, താലൂക്ക് യൂണിയൻ പ്രസിഡന്റ്)