biplav-kumar-deb

അഗർത്തല: ലോക്സഭ തിര‍ഞ്ഞെടുപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബി.ജെ.പി സഖ്യം തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. ഈ തിരഞ്ഞെടുപ്പോടെ ത്രിപുരയിൽ സി.പി.എമ്മിന്റെ അടിവേര് ഇളകും. രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കുമെന്നും മറ്റുള്ളവരെല്ലാം കടപുഴകുമെന്നും അദ്ദേഹം പറഞ്ഞു.

'25വർഷമായി ത്രിപുര ഭരിച്ച സി.പി.എമ്മിനെയാണ് ഇവിടെ പുറത്താക്കിയത്. ത്രിപുരയിൽ സി.പി.എം ഭരണം അവസാനിപ്പിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതിയതാണോ? കേരളം അത്രയൊന്നുമില്ലല്ലോ?​ ഈ തെരഞ്ഞെടുപ്പോടെ ത്രിപുരയിൽ സിപിഎമ്മിന്റെ അടിവേര് ഇളകു'മെന്നും ബിപ്ലവ് കുമാർ വ്യക്തമാക്കി.

'നരേന്ദ്രമോദിയിലൂടെ ത്രിപുര മുക്തമായിരിക്കുകയാണ്. ബി.ജെ.പിയും,​ കോൺഗ്രസും,​ സി.പി.എമ്മും ഒന്നുമല്ല ഇവിടെ വിഷയം. ജനങ്ങൾ മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു എന്നതാണ്' - ബിപ്ലവ് പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഇരുപത് സീറ്റെങ്കിലും നേടും ചിലപ്പോൾ അതിനേക്കാൾ കൂടുതലും നേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി എവിടെ മത്സരിക്കുന്നു എന്നത് ബി.ജെ.പിയെ ബാധിക്കുന്ന വിഷയമല്ല,​ എവിടെയാണെങ്കിലും രാഹുൽ തന്നെയല്ലേ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രെയിലറാകുമെന്നും ബിപ്ലബ് കുമാർ പറഞ്ഞു.