ചെന്നെെ: നടി നയൻതാരയ്ക്കെതിരെ ലൈംഗികത കലർന്ന പരാമർശം നടത്തിയ നടൻ രാധാ രവിയെ ഡി.എം.കെ സസ്‌പെൻഡ് ചെയ്‌തു. നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ "കൊലയുതിർ കാലം" എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗിനിടെയായിരുന്നു രാധാരവി താരത്തെ അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിച്ചത്.
പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും രാധാ രവിയെ നീക്കുന്നതായി ഡി.എം.കെ ജനറൽ സെക്രട്ടറി കെ.അൻപഴകൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. ‘നയൻതാര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുൻപ്, കെ.ആർ. വിജയയെപോലെ മുഖത്തു നോക്കുമ്പോൾ പ്രാർത്ഥിക്കാൻ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്’ എന്നു പറഞ്ഞ ശേഷമായിരുന്നു നയൻതാരയ്ക്കെതിരായ അശ്ലീല പരാമർശം.
'തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. അതുകൊണ്ടാണ് നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കുമപ്പുറം അവർ ഇപ്പോഴും താരമായിരിക്കാൻ കാരണം. തമിഴിൽ പ്രേതമായും തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കുന്നു. ഇപ്പോൾ അഭിനയിക്കുന്നവരുടെ എന്ത് തന്നെയായാലും കുഴപ്പമില്ല ആർക്കും ഇവിടെ സീതയാകാം. എന്റെ കാലത്ത് കെ.ആർ വിജയയെ പോലുള്ള നടിമാരാണ് സീതയുടെ വേഷം ചെയ്‌തിരുന്നത്'എന്നും രാധാരവി പറഞ്ഞു.
താരത്തിന്റെ വ്യക്തി ജീവിതത്തെ കൂടി കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. തുടർന്ന് ഗായിക ചിന്മയി, സംവിധായകൻ വിഘ്നേഷ് ശിവൻ തുടങ്ങിയവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.