ബത്തേരി: വയനാട് ചീയമ്പത്ത് വനപാലക സംഘത്തെ ആക്രമിച്ച കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് അഞ്ച് വനംവകുപ്പ് വാച്ചർമാരെ കടുവ ആക്രമിച്ചത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ആനപ്പന്തിയിലെ വനത്തോട് ചേർന്ന ഭാഗത്ത് വച്ചാണ് വനം വകുപ്പ് വാച്ചർമാരെ കടുവ ആക്രമിച്ചത്. പരിക്കേറ്റ ഇരുളം സ്വദേശി ഷാജന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 15 ദിവസത്തോളമായി കടുവാപ്പേടിയിൽ കഴിയുകയായിരുന്ന ചീയമ്പം ആനപ്പന്തി പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടാഴ്ചക്കിടെ ആറ് വളർത്തു പന്നികളെയും ഒരു പശുവിനെയും കടുവ കൊന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂടിനടുത്ത് വച്ചാണ് വാച്ചർമാരെ കടുവ ആക്രമിച്ചത്. ഈ സമയം വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടെ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
അതേസമയം, വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവയ്‌ക്ക് ഒരുകണ്ണിന് കാഴ്ചയില്ല. കൈകാലുകളിൽ ഗുരുതര പരിക്കേറ്റ നിലയിലാണ്. പരിക്കുകളുടെ ചികിത്സ പൂർത്തിയാക്കിയ ശേഷം മാത്രമെ പിടിയിലായ കടുവയെ എങ്ങോട്ട് മാറ്റണമെന്നത് തീരുമാനിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.