ചെന്നൈ: തമിഴ്നാടിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് നടനും മക്കൾ നീതിമയ്യം സ്ഥാപകനുമായ കമലഹാസൻ വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ എല്ലാ സ്ഥാനാർത്ഥികളും തന്റെ മുഖങ്ങളാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും, തേരാകാതെ സാരഥിയാകുന്നതിൽ അഭിമാനിക്കുന്നുവെന്നും കമലഹാസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥികളുടെ വിജയം തന്റെ ചുമലിലാണെന്നും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയതെന്നും കമലഹാസൻ വ്യക്തമാക്കി.
''എല്ലാ സ്ഥാനാർത്ഥികളെയും അവരുടെ സ്ഥലത്ത് ചെന്ന് ജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ടതും സഹായിക്കേണ്ടതും എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഇല്ലാത്തത്. ഞാൻ പല്ലക്കിൽ കയറിയിരുന്നിട്ട് കാര്യമില്ല ചുമക്കാൻ ആളുണ്ടാവണമെന്നും'' അദ്ദേഹം വിശദീകരിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. ഇക്കാര്യം ഉടൻ തന്നെ വെബ്സൈറ്റിലൂടെ വ്യക്തമാക്കുമെന്നും കമലഹാസൻ കൂട്ടിച്ചേർത്തു.