ps-sreedharan-pilla

തിരുവനന്തപുരം : ശബരിമല സമരത്തിന്റെ പ്രഭവകേന്ദ്രമായ പത്തനംതിട്ട മണ്ഡലത്തിൽ വിജയപ്രതീക്ഷ ഏറ്റവുമധികം വച്ച് പുലർത്തുന്ന പാർട്ടിയാണ് ബി.ജെ.പി. പാർട്ടി കേന്ദ്ര നേതൃത്വം പോലും എപ്ലസ് പട്ടികയിൽ ഉൾപ്പെടുത്തിയ ഈ മണ്ഡലത്തിൽ പക്ഷേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനായത് ഏറെ വൈകിയാണ്. ഇതിന്റെ കാരണങ്ങൾ രാഷ്ട്രീയ കേരളം നിരവധി ദിവസങ്ങൾ ചർച്ച ചെയ്തിരുന്നു. ജയപ്രതീക്ഷയുള്ള സീറ്റിനുവേണ്ടി പാർട്ടിക്കകത്ത് അരങ്ങേറിയ വടംവലിയാണ് സ്ഥാനാർത്ഥി നിർണയത്തിൽ കീറാമുട്ടിയായി വർത്തിച്ചതെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. അണികളടക്കം കെ.സുരേന്ദ്രന് വേണ്ടി വാദിച്ചപ്പോൾ പാർട്ടി അദ്ധ്യക്ഷന്റെ സീറ്റ് മോഹമാണ് തടസമായതെന്ന വാദമാണ് മാദ്ധ്യമങ്ങളിലടക്കം വന്നത്.

അതെസമയം ഈ വാദങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും ഫെബ്രുവരി 22 പാർട്ടി ദേശീയ അദ്ധ്യക്ഷൻ പാലക്കാട് എത്തിയപ്പോൾ തന്നെ മത്സരിക്കാൻ താത്പര്യമില്ലെന്ന് താൻ അറിയിച്ചതാണെന്നും ഒരു മലയാളം മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീധരൻ പിള്ള വ്യക്തമാക്കുന്നു.

വാക്കിനു വിലകൽപ്പിക്കാതെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി, താലൂക്ക് യൂണിയൻ തന്നെ പിരിച്ചു വിട്ട് എൻ.എസ്.എസ് നടപടി

യഥാർത്ഥത്തിൽ കെ.സുരേന്ദ്രന് തൃശൂർ മണ്ഡലമാണ് തീരുമാനിച്ച് ഉറപ്പിച്ചിരുന്നതെന്നും അദ്ദേഹം അവിടെ ചെറിയ തോതിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്നും പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കുന്നു. എന്നാൽ ഈ സീറ്റ് ബി.ഡി.ജെ.എസിന് നൽകേണ്ടി വന്നതിനെ തുടർന്നാണ് സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കളായ കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും മത്സരിക്കണം എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

ഇതിന് മുൻപ് രാജ്യസഭയിലേക്ക് എഴുത്തുകാരൻ എന്ന നിലയിൽ തന്നെ നോമിനേറ്റ് ചെയ്യാൻവേണ്ടി പാർട്ടിയിൽ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ അതിനിടയിൽ ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ അവിടെ അനുയോജ്യനായ സ്ഥാനാർത്ഥിയായി തന്റെ പേര് ഐകകണ്‌ഠേന ഉയരുകയും അത് സ്വീകരിക്കുകയും ചെയ്തു. ഒരു സീറ്റിനുവേണ്ടി ഓടി നടക്കുന്നയാളാണ് താനെന്ന രീതിയിൽ മാദ്ധ്യമങ്ങൾ തന്നെ ചിത്രീകരിച്ചതിലെ വിഷമവും പി.എസ് ശ്രീധരൻപിള്ള തുറന്നുപറയുന്നു.