ന്യൂഡൽഹി : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വോട്ട് തേടാൻ സാധ്യമായതെല്ലാം ചെയ്യുന്നത് പതിവാണ്. പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും അക്കാര്യത്തിൽ വ്യത്യസ്തനല്ലെന്ന പഠനറിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലെ തന്റെ പോസ്റ്റുകൾ പ്രമുഖതാരങ്ങളെ ടാഗ് ചെയ്യുക എന്നതാണ് ഇതിനായി മോദി സ്വീകരിച്ച തന്ത്രം. സച്ചിൻ, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി താരങ്ങളെ ഇത്തരത്തിൽ അവരുടെ സമ്മതം തേടാതെ ഉപയോഗപ്പെടുത്തിയെന്നും ഇതിലൂടെ നരേന്ദ്ര മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിപ്പിക്കാനായെന്നും അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽ നടന്ന പഠനത്തിൽ വെളിപ്പെടുന്നു. അസോസിയേറ്റ് പ്രൊഫസർ ജോയോജീത് പാലാണ് ഈ വിഷയത്തിലുള്ള തന്റെ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
2009 ഫെബ്രുവരി മുതൽ 2015 വരെയുള്ള 9000 ട്വീറ്റുകളാണ് വിലയിരുത്തിയത്. ഇതിൽ മുൻനിര താരങ്ങളെ ടാഗ് ചെയ്തിട്ടുള്ള 414 ട്വീറ്റുകളാണ് നരേന്ദ്രമോദിയുടെ അക്കൗണ്ടിൽ നിന്നും ചെയ്തിരിക്കുന്നത്. ഒരു ട്വീറ്റിൽ തന്നെ കായികം, സിനിമ, മീഡിയ തുടങ്ങിയ മേഖലയിൽ തിളങ്ങുന്ന നിരവധി താരങ്ങളെ മോദി ടാഗ് ചെയ്തിട്ടുണ്ട്.