ന്യൂഡൽഹി: ആക്രമണത്തിനും പ്രത്യാക്രമണത്തിനും അമേരിക്കൻ സൈന്യത്തിന്റെ മുന്നണി പോരാളിയായ സി.എച്. 47 എഫ് (1) ചിനൂക്ക് ഹെലികോപ്‌ടറുകൾ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ചണ്ഡീഗഡിലെ വ്യോമസേനാതാവളത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ബി.എസ്.ധനോവയാണ് ഔദ്യോഗികമായി നാല് ഹെലിക്കോപ്‌ടറുകൾ സേനയ്‌ക്ക് കൈമാറുന്നത്. പാകിസ്ഥാൻ അടക്കമുള്ള അയൽരാജ്യങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അത്യാധുനിക ഹെലികോപ്‌ടറുകളുടെ വിന്യാസം ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ. എന്നാൽ അഫ്ഗാനിസ്ഥാൻ, ഇറാഖ്, വിയറ്റ്‌നാം തുടങ്ങിയ യുദ്ധങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ കുന്തമുനയായിരുന്ന ചിനൂക്ക് ഹെലിക്കോപ്‌ടറുകളെക്കുറിച്ച് കൂടുതൽ അറിയാം.
* 1962ൽ അമേരിക്കൻ കരസേനയാണ് ചിനൂക്ക് ഹെലിക്കോപ്‌ടറുകൾ ആദ്യമായി ഉപയോഗിച്ചത്
* അഫ്ഗാനിസ്ഥാൻ, ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളിൽ അമേരിക്കൻ സേന ഈ ഹെലിക്കോപ്‌ടർ ഉപയോഗിച്ചിരുന്നു
* സൈനികനീക്കങ്ങൾക്കും സൈനികർ, ഭാരമേറിയ വാഹനങ്ങൾ, ആയുധങ്ങൾ എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം.
*ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഇവയുടെ സേവനം ഉപയോഗിക്കാം
* മണിക്കൂറിൽ 315 കിലോമീറ്ററാണ് ഇവയുടെ വേഗം
*ഒറ്റപ്പറക്കലിൽ 741 കിലോമീറ്റർ ദൂരത്തിലും 6100 മീറ്റർ ഉയരത്തിലും ഇവയ്‌ക്ക് പറക്കാൻ കഴിയും
*പത്ത് ടൺ വരെ ഭാരം വഹിക്കാൻ കഴിയും
*അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ എം 777 ലൈറ്റ് വെയ്റ്റ് ഹോവിറ്റ്സർ തോക്കുകൾ കൊണ്ടുപോകാൻ ഇവയ്‌ക്ക് കഴിയും
* 2015 - 16 കാലത്താണ് 15 ചിനൂക്ക്, 22 എ.എച്ച്.64 ഇ അപ്പാച്ചെ ഹെലികോപ്‌ടറുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്
* ഇതിൽ ആദ്യ ഘട്ടമെന്ന നിലയിൽ നാല് ഹെലികോപ്ടറുകളാണ് ഇന്ത്യയ്ക്ക് കൈമാറിയത്. കപ്പൽമാർഗം ഗുജറാത്തിലെ മുദ്ര തീരത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ എത്തിച്ച ഹെലികോപ്‌ടറിന്റെ വിവിധ ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ കൂട്ടിയോജിപ്പിച്ചു
*15 ഹെലിക്കോപ്‌ടറുകൾക്കായി 15 ബില്യൻ അമേരിക്കൻ ഡോളറിന്റെ കരാറിലാണ് ഇന്ത്യ ഏർപ്പെട്ടിരിക്കുന്നത്
*തന്ത്രപ്രധാന മേഖലകളായ പാക്, ചൈനീസ് അതിർത്തികളിൽ ഇവയെ വിന്യസിക്കുമെന്നാണ് വിവരം.
*നിലവിൽ 18 രാജ്യങ്ങളിലെ സേനകൾ ഈ ഹെലിക്കോപ്‌ടറുകൾ ഉപയോഗിക്കുന്നുണ്ട്