election

ദേശീയത പൗരൻമാരിൽ അടിച്ചേൽപ്പിക്കന്നതിനെതിരെ ഫേസ്ബുക്കിൽ ഡോക്ടറെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ച്വിലങ്ങിടുന്ന തരത്തിലേക്ക് ഇന്ത്യമാറുകയാണെന്നും നിരാലംബരായ വൃദ്ധരെയും അബലരെയും വഴിയിൽ തടഞ്ഞുനിറുത്തി ഭാരതമാതാവിന് ജയ് വിളിപ്പിക്കുന്ന കാഴ്ചകൾ കാണുമ്പോൾ പരാജയപ്പെട്ട ഒരു ജനതയായി മാത്രമേ കാണാൻ കഴിയുള്ളുവെന്ന് ഡോ.നെൽസൺ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മുൻപ്രധാനമന്ത്രിയെ മിണ്ടാത്തയാളെന്ന് കളിയാക്കിയവരെ ആരും രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നില്ല. കൂടാതെ അന്നൊന്നും ദേശസ്‌നേഹമൊരു വിഷയമേ ആയിരുന്നില്ല, പ്രകടിപ്പിച്ചുകൊണ്ട് നടക്കേണ്ട ഒന്നായിരുന്നില്ലെന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു പാസ്‌പോർട്ട് എടുക്കുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ല. ഡോക്ടറായി ഇന്ത്യയിൽത്തന്നെ, കേരളത്തിലെ ഏതെങ്കിലും ഗ്രാമപ്രദേശത്തെ പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലിചെയ്ത് കഴിയുകയെന്ന വളരെ ചെറിയ ഒരു സ്വപ്നമേ കണ്ടിരുന്നുള്ളൂ.

അത്രയ്ക്കിഷ്ടമായിരുന്നു ഇന്ത്യ എന്ന രാജ്യം. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ജനിക്കാനും ജീവിക്കാനും കഴിഞ്ഞിരുന്നു എന്നതിൽ സന്തോഷിച്ചിരുന്നു.

ദേശീയഗാനം കേൾക്കുമ്പൊ എഴുന്നേറ്റ് നിൽക്കാൻ ആരും പറയേണ്ടതില്ലായിരുന്നു. അപ്പോൾ ജന ഗണ മനയുടെ അർഥമല്ലാതെ മറ്റൊന്നും മനസിലുമില്ലായിരുന്നു..

റോജയെന്ന സിനിമയിൽ ദേശീയപതാകയ്ക്ക് തീപിടിക്കുമ്പൊ കെടുത്താൻ ശ്രമിക്കുന്ന സീൻ മുതൽ ചക് ദേ ഇൻഡ്യയുടെ ഒടുവിൽ ഷാരൂഖ് ഖാൻ ദേശീയപതാകയെ നിറകണ്ണുകളോടെ നോക്കുന്നിടം വരെ ആരും പറയാതെതന്നെ ഉള്ളിൽ നിന്ന് ഒരു വികാരമുണരുമായിരുന്നു...

ഇന്നുപക്ഷേ അത് എവിടെയോ കൈമോശം വന്നുതുടങ്ങിയിരിക്കുന്നു.

മറ്റൊരു രാജ്യത്ത് താമസിക്കുമ്പൊഴാണ് ഇന്ത്യയെക്കാൾ അഭിപ്രായസ്വാതന്ത്ര്യമുണ്ടാവുകയെന്നും സ്വന്തം അഭിപ്രായം വ്യക്തമാക്കുവാൻ ഭയക്കേണ്ടതില്ലാത്തതെന്നും തോന്നിത്തുടങ്ങുകയെന്നത് എന്റെ രാജ്യത്തെ സംബന്ധിച്ചിടത്തോളം നമ്മളൊരു പരാജയപ്പെട്ട ജനതയായി മാറുന്നതിന്റെ സൂചനയയേ കാണാൻ കഴിയുന്നുള്ളൂ..

ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇങ്ങനെയായതല്ല.

നിരാലംബരായ വൃദ്ധരെയും അബലരെയും വഴിയിൽ തടഞ്ഞുനിറുത്തി ഭാരതമാതാവിന് ജയ് വിളിപ്പിക്കുന്നത് കണ്ടപ്പൊഴെപ്പൊഴോ ആ തോന്നൽ മനസിൽ കയറിത്തുടങ്ങി.അത്തരം വീഡിയോകളൊരിക്കലും ദേശസ്‌നേഹം തോന്നിച്ചിരുന്നില്ല മനസിൽ...

സ്വന്തം അഭിപ്രായം ഉച്ചത്തിൽ ഉറക്കെ വിളിച്ചുപറഞ്ഞതിന് മാദ്ധ്യമപ്രവർത്തക വെടിയേറ്റുവീണപ്പോൾ അത് ഒന്നുകൂടി ശക്തമായി. സ്വന്തം ജീവൻ നഷ്ടപ്പെടുത്തി രാജ്യത്തെ അഴിമതിയെയും അക്രമത്തെയും ചോദ്യം ചെയ്യേണ്ടതണ്ടോയെന്ന് ഒരു സാധാരണക്കാരൻ ചിന്തിച്ചുതുടങ്ങുന്നത് എങ്ങോട്ടാവും നയിക്കുക?

ചില സമയത്ത് മൂന്നും നാലും സിനിമകൾ ഒരു ദിവസം കാണുമായിരുന്നു. തിയറ്ററിൽ പോയി. അന്ന് ദിവസം നാല് സിനിമയുടെ സമയത്തും ദേശീയഗാനത്തിനു മുൻപ് എണീറ്റ് നിന്നാലേ ദേശസ്‌നേഹിയാവൂ എന്ന് വന്നപ്പൊ, എണീക്കാത്ത അവശരും ഭിന്നശേഷിയുള്ളവരും ആക്രമിക്കപ്പെട്ട വാർത്ത കേട്ടതിൽപ്പിന്നെ ജന ഗണ മനയുടെ അർഥമായിരുന്നില്ല ഓരോ സമയവും മനസിലുണർന്നുകൊണ്ടിരുന്നത്.

പശുവിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടുന്നത് തടയാൻ ഒന്നും ചെയ്യാൻ കഴിയാത്തത് നിസഹായാവസ്ഥയല്ലേ?

നോട്ടുനിരോധനമെന്തായിരുന്നുവെന്ന് സംശയം തോന്നിത്തുടങ്ങിയതിനെ ചോദ്യം ചെയ്ത സമയത്ത് ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു. ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഇഷ്ടപ്പെട്ട സമയത്ത് ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു. ബീഫ് കഴിക്കുന്ന സമയത്ത് ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു. മുൻപ് ഇങ്ങനെ ആയിരുന്നതായൊന്നും എന്റെ ഓർമയിലില്ല.

ഒന്നാലോചിച്ചുനോക്കിയിട്ടണ്ടോ? നിങ്ങൾക്ക് രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിക്കാമായിരുന്നു, ആരെയും പേടിക്കാതെ.

മന്മോഹൻ സിങ്ങിനെ മിണ്ടാത്തയാളെന്ന് അധിക്ഷേപിക്കാമായിരുന്നു. നിങ്ങളെയന്ന് ആരും രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നില്ല.

ഇന്ത്യൻ പൗരത്വമുള്ള സോണിയ ഗാന്ധിയെ മദാമ്മയെന്ന് പരിഹാസാർഥത്തിൽ വിളിക്കാമായിരുന്നു. ഇന്നും വിളിക്കുന്നുമുണ്ട്..ആരും നിങ്ങളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്തിരുന്നില്ല.

വാസ്തവത്തിൽ അന്നൊന്നും ദേശസ്‌നേഹമൊരു വിഷയമേ ആയിരുന്നില്ല. പ്രകടിപ്പിച്ചുകൊണ്ട് നടക്കേണ്ട ഒന്നായിരുന്നില്ല. തെറ്റു കണ്ടാൽ തെറ്റാണെന്ന് പറയാൻ ആരെയും ഭയക്കേണ്ട കാര്യമില്ല. രാഹുലിനെയോ മന്മോഹനെയോ സോണിയയെയോ മറ്റേതെങ്കിലും നേതാവിനെയോ പോലെ ആരെയെങ്കിലും കുറിച്ച് ചോദ്യം ചോദിക്കാൻ നിങ്ങൾ ഭയക്കുന്നുവെങ്കിൽ ....

ഇപ്പൊഴും ചില പോസ്റ്റുകൾ എഴുതിക്കഴിയുമ്പൊ വീട്ടിൽ നിന്ന് ഫോൺ കോളുകൾ വരും. അമ്മയുടെയും ഭാര്യയുടെയും ചിലപ്പൊ അച്ചാച്ചന്റെയും. കണ്ട് പേടിച്ച് വിളിക്കുന്നതാണ്. അതു കണ്ട് എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്താലോ എന്ന്. അവരാരും ഫേസ്ബുക് ആക്ടീവായി ഉപയോഗിക്കുന്നവരല്ല. അതുകൊണ്ട് ഈ കുഴപ്പങ്ങളൊക്കെ സോഷ്യൽ മീഡിയയുടെ മാത്രമാണെന്ന അബദ്ധം ദയവുചെയ്ത് പറയരുത്

നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇത്തരം മാറ്റങ്ങൾ നല്ലതിലേക്കാണെന്ന് തോന്നുന്നില്ല.ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഉത്തരം നിങ്ങളുടെ മതമോ ജാതിയോ രാഷ്ട്രീയ ചായ്വോ ആവാത്ത ഒരു സമയത്തെത്തിയാലേ യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കുന്നെന്ന് പറയാനെങ്കിലും കഴിയൂ...

പരസ്യമായി ഒന്നും പറയേണ്ടതില്ല. രഹസ്യമായി നിങ്ങൾ വോട്ട് ചെയ്യുമ്പൊ ഒന്നോർത്താൽ മതി.

ആ സ്ഥാനാർഥിയോട് , ആ പാർട്ടിയോട്, ആ രാഷ്ട്രീയത്തോട് ഭയക്കാതെ നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനാവമോ എന്ന്....

ആ പഴയ ഇന്ത്യയെ എനിക്ക് വേണം. അതിന് ഈ 2019ൽ ഞാൻ വോട്ട് ചെയ്യും. നിങ്ങളും.