chakka

തൃശൂർ: ഹോട്ടലിൽ നിന്നും ചായ കുടിച്ചതിന് ശേഷം മോപ്പഡിലേക്ക് കയറുന്നതിനിടെ തലയിൽ ചക്കവീണ് വയോധികന് ദാരുണാന്ത്യം. തൃശൂർ മുളങ്കുന്നത്തുകാവ് ആവണൂർ ആൽത്തറ ജംഗ്ഷനിലാണ് സംഭവം. ലോട്ടറി വിൽപ്പനക്കാരനായ കിരാലൂർ ഒരായംപുറത്ത് ശങ്കരൻകുട്ടി (67)യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കവലയിലെ ഹോട്ടലിൽ നിന്നും ചായ കുടിച്ചതിന് ശേഷം ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങുന്നതിനിടെയാണ് റോഡിലേക്ക് ചാഞ്ഞുനിന്ന രണ്ട് ചക്കകൾ ഇദ്ദേഹത്തിന്റെ തലയിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ശങ്കരൻകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്‌റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.