ഫ്ലോറിഡ: പ്രമുഖ ഫുട്ബാൾ ക്ളബായ ലിവർപൂളിന്റെ ഉടമ ജോൺ ഡബ്ള്യു ഹെൻട്രിയുടെ ഫ്ലോറിഡയിലെ ഒരു 'ചെറിയ" വീട് കൊടുക്കാനുണ്ട്. വില വെറും അറുപത്തെട്ടരക്കോടി.! കൈയിൽ പണമുണ്ടെങ്കിൽ നേരെ ഫ്ളോറിഡയിലേക്ക് വിട്ടോളൂ, കരാറുറപ്പിക്കാം.
കുറച്ചുനാൾ മുമ്പുതന്നെ വീട് വിൽക്കാൻ തീരുമാനിച്ചതാണ്. നൂറുകോടിരൂപയാണ് അന്ന് ചോദിച്ചത്. വന്നവരൊന്നും അതിന്റെ അടുത്തുപോലും പറഞ്ഞില്ല. അതിനെത്തുടർന്ന് രണ്ടുതവണയാണ് വിലകുറച്ചത്. വിറ്റില്ലെങ്കിലും ശരി ഇനി വിലകുറയ്ക്കലുണ്ടാവില്ല എന്നാണ് കേൾക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും എന്തിനാണ് വീട് വിൽക്കുന്നതെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.
ലിവർപൂളിനൊപ്പം മറ്റുചില ക്ളബുകളുടെയും ഉടമസ്ഥനാണ് ജോൺ. ക്ളബ് നടത്തിപ്പിലുണ്ടായ സാമ്പത്തിക പ്രശ്നമാണ് വിൽപ്പനയ്ക്ക് കാരണമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഫ്ളോറിഡയിൽ ഇങ്ങനെയൊരു വീടുവേണ്ടാത്തതുകൊണ്ടാണ് വിൽക്കാൻ തീരുമാനിച്ചതെന്നാണ് മറ്റുചിലർ പറയുന്നത്. പക്ഷേ, ജോണോ ഭാര്യയോ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
ഫ്ളോറിഡയിലെ വീട്ടിൽ ഇല്ലാത്ത സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കാൻ പ്രയാസമാണ്. വമ്പൻ സിനിമാ തിയേറ്ററും. നീന്തൽക്കുളങ്ങളും ടെന്നീസ് കോർട്ടുകളും മിനിബാറുകളുമുള്ള വീട്ടിൽ പത്തൊമ്പത് ബാത്ത്റൂമുകളാണുള്ളത്. 1991ൽ വാങ്ങിച്ച ആറേക്കർ സ്ഥലത്താണ് ഇൗ മണിമാളിക പടുത്തുയർത്തിയത്.
നാലുവർഷംകൊണ്ടാണ് നിർമ്മാണം പൂർത്തിയായത്. നിർമ്മാണത്തിന് മാത്രമായി അഞ്ചുകോടിരൂപ ചെലവായി. സൗകര്യങ്ങളൊരുക്കാൻ കോടികൾ വേറെയും. വല്ലപ്പോഴും മാത്രമാണ് ജോൺ ഇവിടെ എത്തുന്നത്. മിടുക്കന്മാരായ ജോലിക്കാരെയാണ് വീട്നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത്.