ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നൽകുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. ഇന്ത്യയിലെ ദാരിദ്ര നിർമാർജനത്തിനുള്ള അവസാനത്തെ യുദ്ധമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഇതിഹാസ ദിനമാണ്. ലോകത്ത് ഒരിടത്തും സമാന രീതിയിലുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും താൻ പ്രതികരിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
5 കോടി കുടുംബങ്ങളിലായി 25 കോടി പേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് താൻ പ്രഖ്യാപിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഇതെങ്ങനെ സാധ്യമാകുമെന്ന് എല്ലാവർക്കും സന്ദേഹമുണ്ടാകും. എന്നാൽ ഓരോ ദിവസവും കോടിക്കണക്കിന് രൂപയാണ് ഓരോരുത്തരിൽ നിന്നും കേന്ദ്രസർക്കാർ തട്ടിയെടുക്കുന്നതെന്ന് നിങ്ങൾ മനസിലാക്കണം. എല്ലാവരുടെയും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ ശ്രമിക്കുന്നത്. ഓരോ മാസവും പരമാവധി 12000 രൂപ എല്ലാവർക്കും വരുമാനം സർക്കാർ ഉറപ്പാക്കും. ഇതില്ലാത്തവർക്ക് സർക്കാർ ധനസഹായം നൽകും. പ്രതിവർഷം 72000 രൂപ വരെ ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. പാവപ്പെട്ട 20 ശതമാനം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പതിയെ ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. നരേന്ദ്ര മോദി ചിന്തിക്കുന്നത് പോലെ ദരിദ്രർക്കും പണക്കാർക്കും വേണ്ടി രണ്ട് ഇന്ത്യയെയല്ല കോൺഗ്രസ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാവർക്കും ഇടമുള്ള ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ രാഹുൽ തയ്യാറായില്ല. ഇക്കാര്യത്തിൽ ലോകോത്തര സാമ്പത്തിക വിദഗ്ദ്ധരുമായി കോൺഗ്രസ് ആശയവിനിമയം നടത്തിയിട്ടുണ്ട്. എങ്ങനെ നടപ്പിലാക്കുമെന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. നടപ്പിലാക്കാൻ പറ്റാത്ത വാഗ്‌ദ്ധാനങ്ങൾ ഒന്നും ഞങ്ങൾ നൽകില്ല. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഇക്കാര്യം കോൺഗ്രസ് തെളിയിച്ചതാണ്. മറ്റ് കാര്യങ്ങളിൽ പ്രതികരിക്കില്ല. നാളെയും മറ്റന്നാളും വിളിക്കുന്ന വാർത്താ സമ്മേളനങ്ങളിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. മോദിയെപ്പോലെ വാർത്താ സമ്മേളനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.