തിരുവനന്തപുരം: കേന്ദ്രസർവകലാശാലകളിൽ ദേശീയ മുൻഗണനയുള്ള വിഷയങ്ങളിൽ മാത്രം ഗവേഷണം നടത്തിയാൽ മതിയെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്ന് കേന്ദ്രസർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും ഡോ. മീന ടി.പിള്ള രാജിവച്ചു. ‘അപ്രസക്തമായ’ വിഷയങ്ങളിൽ ഇനി ഗവേഷണങ്ങൾ നടക്കേണ്ടതില്ലെന്നും, മറിച്ച് ‘ദേശീയ പ്രാധാന്യം’ അർഹിക്കുന്ന വിഷയങ്ങൾ മാത്രം ഗവേഷണത്തിനായി വിവിധ പഠനവകുപ്പുകൾ അംഗീകരിച്ചാൽ മതിയെന്നുമായിരുന്നു മാർച്ച് 13ന് ഇറക്കിയ സർക്കുലറിൽ പറയുന്നത്.
ഇതിനെതിരെ വിദ്യാർത്ഥികളടക്കം പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ദേശീയ പ്രാധാന്യമുള്ളതും അല്ലാത്തതുമായ വിഷയങ്ങൾ ആരാണ് തീരുമാനിക്കുന്നത്? ആരുടെ പ്രയോരിറ്റിയാണ് ഈ പറയുന്ന നാഷണൽ പ്രയോരിറ്റി? മീന പിള്ള ചോദിച്ചു. സർക്കുലർ പുറത്തു വന്നതിനു ശേഷവും വിദ്യാർത്ഥികളുടെയിടയിലുള്ള അതൃപ്തികളല്ലാതെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നില്ല. എതിർശബ്ദങ്ങൾ ഉയർത്തുന്നവരെ തേടിപ്പിടിച്ച് ലക്ഷ്യം വച്ച് ഉപദ്രവിക്കുന്ന കേന്ദ്ര സർവകലാശാലയുടെ നയങ്ങളിൽ ഭയന്നാണ് തങ്ങൾ പരസ്യ പ്രതിഷേധത്തിന് തയ്യാറാകാത്തതെന്ന് വിദ്യാർത്ഥികളും വെളിപ്പെടുത്തിയിരുന്നു.
വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. ‘ഇനിമുതൽ രാജ്യത്തെ ബുദ്ധിജീവികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് ബുദ്ധിശാലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മന്ത്രിയും (പ്രകാശ് ജാവേദ്കർ) അതിബുദ്ധിമാനായ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിർദേശിക്കു’മെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു. ‘അല്പജ്ഞാനം അപകടമാണെന്നുപറഞ്ഞത് ശരിയാണ്’ എന്നും അദ്ദേഹം കുറിച്ചു. കേന്ദ്ര നിർദേശവും അതിൽ പ്രതിഷേധിച്ചുള്ള മീന ടി. പിള്ളയുടെ രാജിയും പ്രതിപാദിക്കുന്ന വാർത്തയ്ക്കൊപ്പമാണ് രാഹുൽ ഈ കുറിപ്പ് പോസ്റ്റുചെയ്‌തത്.