ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിക്ക് പുറമെ വയനാട്ടിലും മത്സരിക്കുമോ ഇല്ലയോ എന്ന സസ്പെൻസ് നിലനിറുത്തി രാഹുലിന്റെ വാർത്താ സമ്മേളനം. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം രാഹുൽ ഗാന്ധി വാർത്താ സമ്മേളനം വിളിച്ചപ്പോൾ വയനാട്ടിലെ സ്ഥാനാർത്ഥ്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വാഗ്‌ദ്ധാനമായ മിനിമം വാഗ്‌ദ്ധാനത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും മിണ്ടാൻ രാഹുൽ തയ്യാറായില്ല. മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ മറ്റൊന്നിനെക്കുറിച്ചും താൻ ഇന്ന് മറുപടി പറയില്ലെന്നും നാളെയും മറ്റന്നാളും ഇനി വാർത്താ സമ്മേളനങ്ങൾ നടത്താമെന്നുമായിരുന്നു രാഹുലിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വാർത്താ സമ്മേളനങ്ങളിൽ നിന്ന് ഒളിച്ചോടുന്നയാളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ രാഹുലിന്റെ രണ്ടാം മണ്ഡലത്തെക്കുറിച്ച് ചർച്ചയുണ്ടായില്ലെന്നാണ് വിവരം. യോഗത്തിലുണ്ടായിരുന്ന നേതാക്കൾ ആരും തന്നെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇക്കാര്യം തിരഞ്ഞെടുപ്പ്കാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. വൈകുന്നേരം നാല് മണിക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.ഇതിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രാഹുൽ വരണം, പ്രമേയം പാസാക്കി മലപ്പുറം ഡി.സി.സി
അതേസമയം, വയനാട് നിന്ന് മത്സരിക്കുമെന്നുള്ള പ്രഖ്യാപനം ഉടൻ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി. ഇതേ ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിക്കും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കും ഇമെയിലും അയച്ചിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതിനാൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.