ലണ്ടൻ: കുഞ്ഞുമായി എത്തിയ വനിതാ എം.പിയെ ഡാനിഷ് പാർലമെന്റിൽ നിന്ന് പുറത്താക്കി. ഭരണകക്ഷി അംഗം അബിൽ ഗാർഡിനാണ് ഇൗ ദുരവസ്ഥ ഉണ്ടായത്. കുഞ്ഞുമായി പാർലമെന്റിൽ എത്താനുള്ള അനുമതി ചോദിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞാണ് അവസരം നിഷേധിച്ചത്.
അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി പാർലമെന്റിൽ എത്തിയ അബിൽഗാർഡിനോട് പ്രവേശനാനുമതി ഇല്ലെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ അബിൽഗാർഡ് കുഞ്ഞിനെ സഹായിയെ ഏൽപ്പിച്ചശേഷമാണ് പാർലമെന്റിൽ പ്രവേശിച്ചത്. എം.പി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഇത് വൻ ചർച്ചയാവുകയായിരുന്നു.
''കുഞ്ഞുമായി മുമ്പ് ഞാൻ പാർലമെന്റിൽ വന്നിട്ടില്ല.പക്ഷേ കഴിഞ്ഞ ദിവസം എനിക്കു മുമ്പിൽ മറ്റുമാർഗങ്ങൾ ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ അച്ഛനാണ് അവളെ പതിവായി നോക്കിയിരുന്നത്. അദ്ദേഹത്തിന് തിരക്കായതുകൊണ്ടാണ് കുഞ്ഞുമായി ഞാൻ പാർലമെന്റിൽ എത്തിയത്. എന്റെ മകൾ കരഞ്ഞ് ബഹളം വയ്ക്കുന്ന കുട്ടിയല്ല. എന്തുകൊണ്ടാണ് കുഞ്ഞിനെ കയറ്റാത്തതെന്ന് അറിയില്ല - അബിൽ പറഞ്ഞു.
ഡെൻമാർക്കിലെ നിയമം അനുസരിച്ച് വനിതാ എം. പിമാർക്ക് പൂർണശമ്പളത്തോടെയുള്ള ഒരു വർഷത്തെ പ്രസവാവധി ലഭിക്കും. ഇൗ അവധി വെട്ടിച്ചുരുക്കിയാണ് അബിൽഗാർഡ് പാർലമെന്റിൽ എത്തിയത്. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.