ഇസ്ലാമാബാദ്: ഇന്ത്യയുടെ സൈനികത്താവളം ആക്രമിക്കാൻ എഫ് -16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചില്ലെന്ന വാദം ആവർത്തിച്ച് പാക് സൈന്യം. അമേരിക്കൻ നിർമ്മിത എഫ് -16ന് പകരം ചൈനീസ് നിർമ്മിതമായ ജെഎഫ് -17 ആണ് തങ്ങൾ ഉപയോഗിച്ചതെന്നാണ് പാക് സൈനിക വക്താവ് മേജർ ആസിഫ് ഗഫൂർ പറഞ്ഞത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ മാത്രമേ ഉപയോഗിക്കൂ എന്ന ഉറപ്പിലാണ് അമേരിക്ക എഫ് -16 വിമാനങ്ങൾ പാകിസ്ഥാന് നൽകിയിട്ടുള്ളത്. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് എഫ് -16 ഉപയോഗിച്ചുവെന്നുള്ള റിപ്പോർട്ടുകളെ തുടർന്ന് അമേരിക്ക കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം, ഇന്ത്യയുടെ പക്കലുള്ള, വിമാനത്തിന്റെ ഘടകഭാഗമടക്കമുള്ള തെളിവുകൾ സ്ഥിരീകരിക്കുന്നത് എഫ് -16 വിമാനങ്ങൾ ദൗത്യത്തിൽ ഉണ്ടായിരുന്നെന്നാണ്. എഫ് -16 വിമാനങ്ങൾ തങ്ങൾ ഉപയോഗിച്ചില്ലെന്ന് ആദ്യംമുതൽ തന്നെ പാകിസ്ഥാൻ പറയുന്നുണ്ടെങ്കിലും പകരം ഏത് വിമാനമാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല.

 ജെഎഫ്-17

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ നിർമ്മിച്ചതാണ് ജെഎഫ്-17 യുദ്ധവിമാനങ്ങൾ. ശത്രുക്കളുടെ കേന്ദ്രങ്ങൾ പരിശോധിക്കുക, ആക്രമണം നടത്തുക, എതിരാളികളുടെ യുദ്ധവിമാനങ്ങളെ വഴിതടയുക തുടങ്ങി നിരവധി ചുമതലകൾ നിർവഹിക്കാൻ ശേഷിയുള്ളതാണ് ജെഎഫ്-17.

എഫ്-16

ആഗോളഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സ്വയം പ്രതിരോധത്തിനു വേണ്ടി 1980ൽ അമേരിക്ക പാകിസ്ഥാന് നൽകിയതാണ് എഫ്-16. മറ്റൊരു രാജ്യത്തിനെതിരെ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കൻ നിയമപ്രകാരം വിലക്കും നിലവിലുണ്ട്.