gandhi-2-

ധർമ്മശാല: രാജ്യത്തിനുവേണ്ടി ജീവിതം മാറ്റിവച്ചിറങ്ങിയ മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന '' അർദ്ധനഗ്നനായ ഫക്കീർ" ശരിക്കും ആരോഗ്യവാനായിരുന്നോ? നിരന്തരമുള്ള ഉപവാസങ്ങളും സമരങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചിട്ടുണ്ടാകാം എന്നുള്ള വിലയിരുത്തലുകൾ മുമ്പ് പലതവണ വന്നിട്ടുണ്ടെങ്കിലും കൃത്യമായി അതേക്കുറിച്ച് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാലിപ്പോഴിതാ, ഗാന്ധിജിയുടെ ആരോഗ്യവിവരങ്ങൾ പ്രതിപാദിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച ഗാന്ധി ആൻഡ് ഹെൽത്ത് @ 150 എന്ന പുസ്തകത്തിലാണ് വിശദമായ ആരോഗ്യറിപ്പോർട്ടുള്ളത്. ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ വിവരങ്ങൾ ഇതാദ്യമായാണ് പ്രസിദ്ധപ്പെടുത്തുന്നത്.

1939ലെ രേഖകൾ പ്രകാരം ഗാന്ധിജിയ്ക്ക് 165 സെമി നീളവും 46.7 കിഗ്രാം ഭാരവുമാണ് ഉണ്ടായിരുന്നത്. ബോഡി മാസ് ഇൻഡക്സാകട്ടെ 17.1ഉം. അതായത്, ഭാരക്കുറവ് അനുഭവപ്പെട്ടിരുന്നു. അതിന് പുറമെ, മലേറിയ, പൈൽസ്, അപ്പന്റിസൈറ്റിസ്, നീർവീക്കം, ശ്വാസകോശ അണുബാധ...അങ്ങനെ പലതവണ മരസമാനമായ അവസ്ഥയിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ടത്രെ. രക്തസമ്മർദ്ദവും സാധാരണയിൽനിന്ന് ഉയർന്ന നിലയിലായിരുന്നു. ദിവസവും 18 കിമിഓളം നടക്കുമായിരുന്ന ഗാന്ധിജിയ്ക്ക് ഭക്ഷണശീലങ്ങളിലും ചില നിർബന്ധങ്ങൾ ഉണ്ടായിരുന്നു. പശുവിന്റെ പാൽ അദ്ദേഹം കുടിച്ചിരുന്നില്ല. മാത്രമല്ല, അലോപ്പതിയേക്കാൾ പ്രകൃതി ചികിത്സയെയാണ് കൂടുതൽ ആശ്രയിച്ചത്. പലപ്പോഴും സ്വയംചികിത്സകളും ചെയ്യാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.