ഇരുമ്പു കൊളുത്തു മുറുക്കുന്നതു പോലെയുള്ള വേദന..
മാലിനിക്ക് ഒന്നു നിലവിളിക്കാൻ പോലും കഴിഞ്ഞില്ല.
തറയിൽ നിന്ന് ഒരടി ഉയരത്തിൽ എത്തിയിരുന്നു മാലിനിയുടെ കാലുകൾ. ഒറ്റ കൈയിൽ അവരെ ഉയർത്തി പിടിച്ചിരിക്കുകയാണ് കറുത്ത തമിഴൻ തടിയൻ.
കൊല്ലാൻ പിടിച്ച കോഴിയെപ്പോലെ മാലിനി കൈകാൽ അടിച്ചു പിടഞ്ഞു.
''പ്രമാദം...""
ചിരിച്ചുകൊണ്ട് അയാൾ അവരെ താഴെ നിർത്തി.
തൊണ്ടയിൽ തടവിക്കൊണ്ട് മാലിനി ശക്തമായി ചുമച്ചു. വായിൽ ചോരയുടെ രുചി അനുഭവപ്പെട്ടു.
പിന്നെ തടിയൻ സംസാരിച്ചത് മലയാളത്തിൽ....
''അമ്മാ... നിങ്ങളെ ഉപദ്രവിക്കണമെന്ന് ഞങ്ങൾക്ക് ഒട്ടും ആഗ്രഹമില്ല. പക്ഷേ അവളുണ്ടല്ലോ.. എസ്.ഐ വിജയ. കാക്കിക്ക് പ്രാണന്റെ വില കൽപ്പിക്കുന്നവൾ! അവളെ ഞങ്ങൾക്കു വേണം.""
മാലിനി വല്ലാതെ ഞെട്ടി വിറച്ചു:
''അവൾ ഇവിടില്ല.""
തടിയൻ തല കുടഞ്ഞു. പിന്നെ അനുചരരോട് കൽപ്പിച്ചു:
''കയറി നോക്ക്.""
ഇര തേടുന്ന കാട്ടുമൃഗത്തെപ്പോലെ അനുചരൻ രണ്ടു പേരും അകത്തേക്കു പാഞ്ഞു.
അകത്ത് എന്തൊക്കെയോ തല്ലിയുടയ്ക്കുകയോ തള്ളിവീഴ്ത്തുകയോ ചെയ്യുന്നതിന്റെ ശബ്ദം മാലിനി കേട്ടു.
''നിങ്ങളാരാ..." " പേടിയോടെയെങ്കിലും മാലിനി തടിയനെ നോക്കി.
''ഞങ്ങൾ ... ടൂറ് വന്നതാ അമ്മച്ചീ..."" തടിയൻ പല്ലിറുമ്മി." "എന്റെ പേര് മുരുകൻ... ഉത്തമപാളയം മുരുകൻ എന്നു പറഞ്ഞാൽ തമിഴ്നാട് മുഴുവൻ അറിയും.""
''എന്റെ മോള് നിങ്ങൾക്ക് എന്തു ദ്റോഹം ചെയ്തു.""
മുരുകൻ നാവു വളച്ച് മേൽപ്പല്ലിൽ മുട്ടിച്ചുകൊണ്ട് പല്ലി ചിലയ്ക്കും പോലെ ഒരു ശബ്ദമുണ്ടാക്കി.
''അടടീ... എല്ലാം അറിഞ്ഞേ പറ്റുമോ. ഒരു കാര്യത്തിൽ ഞാൻ ഉറപ്പുതരാം. അവളെ കിട്ടിക്കഴിഞ്ഞാൽ ഞങ്ങൾ നേരെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകും. ചോദിക്കുന്ന പണം തന്ന് അവളെ വിലയ്ക്കുവാങ്ങാൻ അവിടെ ആളുകൾ ക്യൂ നിൽക്കും.""
മാലിനി ഒന്നുകൂടി വിരണ്ടു.
ഇപ്പോഴെങ്ങും വിജയ ഇവിടേക്കു വരല്ലേയെന്ന് ആറന്മുളയപ്പനെ വിളിച്ചു പ്രാർത്ഥിച്ചു.
അകത്തേക്കു പോയവർ മടങ്ങിയെത്തി.
''അവളില്ല തലൈവരേ...""
മുരുകൻ അമർത്തി മൂളി.
''സാരമില്ല. നമുക്ക് കാത്തിരിക്കാം. ഈ രാത്രിയിൽ അവൾ നമ്മുടെ കൂടെ ഉണ്ടായാല്ലേ പറ്റൂ?""
ഇല്ലെങ്കിൽ നിനക്കൊന്നും ഉറക്കം വരത്തില്ലേടാ?"
പെട്ടെന്ന് ഇരുട്ടിൽ ഇടിമുഴക്കം പോലെ ഒരു ശബ്ദം.
ഗുണ്ടകൾ മൂവരും തിരിഞ്ഞ് അവിടേക്കു നോക്കി.
ഇരുളിൽ നിന്ന് ഒരാൾ വെളിച്ചത്തിലേക്കു വന്നു.
കറുത്ത ജീൻസും വെള്ള ഹാഫ് കൈ ഷർട്ടും ധരിച്ച ഒരാൾ! പറ്റെ വെട്ടിയ മുടിയും കട്ടി മീശയും.
മീശത്തുമ്പുകൾ മുകളിലേക്ക് അല്പം തള്ളിവച്ചിരുന്നു.
മാലിനി അയാളെ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ടതുപോലെയുള്ള തോന്നൽ...
പെട്ടെന്ന് അവർക്ക് ആളെ മനസിലായി.
എസ്.ഐ ജെയിംസ്!
പഴയ ആറന്മുള എസ്.ഐ.
ജെയിംസിനു പിന്നാലെ കുറച്ചുപേർ കൂടി മുറ്റത്തേക്കു വന്നു. അവരെ മാലിനി തിരിച്ചറിഞ്ഞു.
അയൽക്കാരായ ചെറുപ്പക്കാർ!
''നിനക്കൊക്കെ ഞങ്ങടെ വിജയ സാറിനെ കൊണ്ടുപോകണം. അല്ലേടാ?"
ചെറുപ്പക്കാരിൽ ഒരുത്തൻ ചീറി.
മുരുകനും സംഘത്തിനും അപകടം ബോദ്ധ്യമായി.
മുരുകൻ ഷർട്ടിന്റെ കോളറിനു പിന്നിലേക്കു കൈ കടത്തി. അല്പം കൂർത്തു വളഞ്ഞ ഒരു മടവാൾ വലിച്ചെടുത്തു.
''വേണമെടാ.... അവളെയും കൊണ്ടേ ഞങ്ങള് പോകൂ..."
അയാൾ മടവാൾ നീട്ടിപ്പിടിച്ചു. അതിന്റെ വായ്ത്തല ലൈറ്റിന്റെ വെളിച്ചത്തിൽ വെള്ളിപോലെ വെട്ടിത്തിളങ്ങി.
''നീയൊക്കെ അല്ലെങ്കിലും കൊണ്ടേ പോകൂ...."
ചെറുപ്പക്കാർ പിന്നിൽ മറച്ചുപിടിച്ചിരുന്ന ആയുധങ്ങൾ നീട്ടി. കുറുവടികൾ, ക്രിക്കറ്റ് ബാറ്റുകൾ, സ്റ്റംപുകൾ...
എസ്.ഐ ജെയിംസ് കരുതലോടെ രണ്ടടി മുന്നോട്ടു വച്ചു. ശേഷം മാലിനിയോടു പറഞ്ഞു.
''അമ്മ അകത്തേക്കു പോ."
തമിഴരെ ഒന്നു നോക്കിയിട്ട് ജീവൻ തിരിച്ചുകിട്ടിയതു പോലെ മാലിനി അകത്തേക്കോടി.
''അപ്പോൾ തുടങ്ങാം അങ്കം..." ജെയിംസ് ചിരിച്ചു.
[തുടരും]